നന്തുണി

കേരളത്തിന്റെ തനത് തന്ത്രിവാദ്യമാണ് നന്തുണി. നന്ദുണി, നല്‍ധുനി എന്നൊക്കെയും പേരുകളുണ്ട്. കളമെഴുത്തു പാട്ടിന് ഉപയോഗിക്കുന്ന സംഗീതോപകരണമാണ് ഏകദേശം നാലടി നീളവും കാലടി വീതിയുമുള്ള കട്ടിപ്പലകയിന്‍മേല്‍ ചെറിയ കമ്പികള്‍ ഉറപ്പിച്ചിരിക്കുന്നു. കമ്പികളുടെ ഒരഗ്രം പലകയില്‍ ഉറപ്പിച്ചിട്ടുള്ള കട്ടകളിലാണ് ഘടിപ്പിച്ചിട്ടുള്ളത്. ചെറിയ ചില്ലുകൊണ്ട് കമ്പികളില്‍ തട്ടുമ്പോള്‍ നാദമുണ്ടാകുന്നു.

പ്രാചീനകാലം മുതല്‍ക്കേ നന്തുണി കേരളത്തില്‍ പ്രചരിച്ചിരുന്നു. ചിലപ്പതികാരത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 'യാഴ്' നന്ദുണിയുടെ ആദിരൂപമാണ്. ഏഴ് തന്ത്രികളുടെ 'ചെങ്കോട്ടിയാഴ്', 14 തന്ത്രികളുള്ള 'ശകോദയാഴ്', 19 തന്ത്രിയുള്ള 'മകരയാഴ്', 21 തന്ത്രിയുള്ള 'പെരിയാഴ്' എന്നിങ്ങനെ വിവിധതരത്തിലുള്ള യാഴുകള്‍ നിലവിലുണ്ടായിരുന്നു. ഇന്ന് തമിഴ് നാട്ടിലൊരിടത്തും യാഴുകള്‍ പ്രചാരത്തിലില്ല. കേരളത്തില്‍ ഭദ്രകാളി, അയ്യപ്പന്‍, വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയ ദേവതകള്‍ക്ക് കളമെഴുതി സ്തുതി പാടുമ്പോള്‍ നന്തുണി ഉപയോഗിക്കുന്നു.