നേപ്പിയര്‍ മ്യൂസിയം, തിരുവനന്തപുരംഇന്ത്യയിലെ ഏറ്റവും പുരാതനമായ മ്യൂസിയമാണ് തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം. മ്യൂസിയം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ തിരുവിതാംകൂറിലെ ഉത്രം തിരുനാള്‍ മഹാരാജാവ് രക്ഷാധികാരിയായും, ബ്രിട്ടീഷ് റസിഡന്‍റ് ജനറല്‍ കലന്‍ പ്രസിഡന്‍റ് ആയും, ഇളയരാജ വൈസ് പ്രസിഡന്‍റായും, അല്ലന്‍ ബ്രൗണ്‍ സൊസൈറ്റിയുടെ സെക്രട്ടറിയും - മ്യൂസിയത്തിന്റെ ഡയറക്ടറുമായും ഒരു സൊസൈറ്റി 1855-ല്‍ രൂപീകരിച്ചു. തുടര്‍ന്ന് 1872-ല്‍ മദ്രാസ് ഗവര്‍ണ്ണറായ ഫ്രാന്‍സിസ് നേപ്പിയര്‍ മദ്രാസിലുള്ള സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ആര്‍ട്സിന്റെ തലവനായ വാസുതു വിദഗ്ധന്‍ റോബര്‍ട്ട് ഫെല്ലോസ് ചിസ്ലോമിനെ മ്യൂസിയം രൂപ കല്‍പ്പന ചെയ്യുവാനായി തിരുവിതാംകൂറിലേക്ക് അയച്ചു.

പ്രാദേശിക ശില്പകലയും യൂറോപ്യന്‍ ശില്പകലയും സമന്വയിപ്പിച്ചു കൊണ്ട് രൂപം നല്‍കി, ഫ്രാന്‍സിസ് നേപ്പിയറിന്റെ പേരു നല്‍കിയ ഈ മ്യൂസിയം 1880-ല്‍ പ്രവര്‍ത്തനമാരംഭിച്ചു.

ശില്പ ചാതുര്യം തുളുമ്പുന്ന ഈ കെട്ടിടത്തിലെ മൂന്നു വലിയ തളങ്ങള്‍ (ഹാള്‍), ചിത്രപ്പണികള്‍ ചെയ്ത നടപ്പുരകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ പഴമയുടെ കഥപറയുന്ന മനോഹരവും വിവിധവിഭാഗങ്ങളില്‍ പ്പെട്ടതുമായ 550ലേറെ വസ്തുശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എ.ഡി. 8 മുതല്‍ 18 ാം നൂറ്റാണ്ടുവരെയുള്ള ചോള, ചേര, വിജയനഗര, നായിര്‍, രാജ വംശങ്ങളുടെ കാലത്തെ വെങ്കലത്തിലും ചെമ്പിലും, ശില്പശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ത്ത ശിവന്‍, വിഷ്ണു, പാര്‍വ്വതി, ലക്ഷ്മി എന്നീ ദേവതമാരുടെ വിവിധ രൂപങ്ങള്‍, ദക്ഷിണേന്ത്യയിലെ പല തരത്തിലുള്ള കല്ലില്‍ കൊത്തിയരൂപങ്ങള്‍, തടിയിലുള്ള കൊത്തുപണികളും ശില്പങ്ങളും, ആനകൊമ്പില്‍ തീര്‍ത്ത ശില്പചാതുരികള്‍ എന്നിവയെല്ലാം ഇവിടെ കാണാം. 2 ാം നൂറ്റാണ്ടിലെ ഗാന്ധാര ശില്പകല മുതല്‍ 18 ാം നൂറ്റാണ്ടിലെ കേരള ശില്പകലവരെയുള്ള കല്ലില്‍ തീര്‍ത്തരൂപങ്ങളും ചോള-ചേര വിജനഗരകാലത്തെ നാണയങ്ങളും വിദേശരാജ്യങ്ങളായ റോമ, ഡാനിഷ്, പേര്‍ഷ്യ, ചൈന, ടര്‍ക്കി, ഡച്ച് എന്നിവിടങ്ങളിലെ പുരാതന നാണയങ്ങളും അടക്കം 9 പ്രധാന വിഭാഗങ്ങളിലായി 5480 നാണയങ്ങളുടെ വമ്പിച്ച ശേഖരവും ഈ മ്യൂസിയത്തിലുണ്ട്. കൂടാതെ ചരിത്രാതീതകാലത്തെ ശവസംസ്കാരകലശങ്ങള്‍, ഹാരപ്പന്‍ സംസ്കാരത്തിന്റെ പകര്‍പ്പുകള്‍ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
 

ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വേലുത്തമ്പിദളവയുടെ വാള്‍.  സ്വാതന്ത്ര്യസമരത്തിന്റെ ആദ്യ രക്തസാക്ഷികളില്‍ പ്രമുഖനായിരുന്നു വേലുത്തമ്പി ദളവ (1765 -1809). 1802 മുതല്‍ 1809 വരെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ്മയുടെ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ ഉടവാള്‍ 1957 ആഗസ്റ്റില്‍ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ.രാജേന്ദ്രപ്രസാദിന് കൈമാറി. ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈ വാള്‍ 2010 ജൂണ്‍ 20 ന് കേരള സര്‍ക്കാറിന് കൈമാറുകയും തുടര്‍ന്ന് ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചു വരുകയുമാണ്. 

സന്ദര്‍ശന സമയം
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകിട്ട് 5 വരെ
തിങ്കളാഴ്ച അവധി

പ്രവേശന ഫീസ്
ടിക്കറ്റു നല്‍കുന്ന സമയം വൈകിട്ട്  4.30 വരെ

12 വയസ്സിനു മുകളിലുള്ളവര്‍ക്ക്    10 രൂപ
5 നും  12 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്   5 രൂപ
ഫാമിലി ടിക്കറ്റ് (അച്ഛന്‍, അമ്മ, 2 കുട്ടികള്‍)    25 രൂപ
ഗ്രൂപ്പ് (35 കുട്ടികളും രണ്ട് അധ്യാപകരും)    100 രൂപ
കാര്‍ പാര്‍ക്കിംഗ്        150 രൂപ


എത്തിച്ചേരേണ്ട വിധം.
നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം കോംപൗണ്ടിലാണ് മ്യൂസിയവും മൃശാലയും 
തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നും  - 3 കി.മി.ദൂരം
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും - 3 കി.മി
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 9 .കി.മി.
ധാരാളം ബസ് സര്‍വ്വീസും, ടാക്സി, ഓട്ടോ സൗകര്യവുമുണ്ട്.  

നിരോധനം: വീഡിയോ ക്യാമറ, ക്യാമറ, മൊബൈല്‍ ഫോണ്‍. മ്യൂസിയം ഉദ്യോഗസ്ഥര്‍ക്കും സഹസന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ പ്രവൃത്തികളും

കൂടുതല്‍ വിവരങ്ങള്‍ക്ക് :-  0471-2316275, 2318294
Email:- museumzoo@gmail.com