1964ല്‍ സ്ഥാപിതമായ ഈ മ്യൂസിയം ജീവശാസ്ത്രസംബന്ധമായ പ്രദര്ശനവസ്തുക്കളാല് സമ്പന്നമായി ഇന്ത്യയിലെ മറ്റു നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയങ്ങളില്‍ വളരെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വന്യജീവികളുടേയും അവയുടെ പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത ബോധ്യപ്പെടും വിധത്തില്‍ ജീവികളെ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്നതും മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും വളരെ വിജ്ഞാനദായകവും കൗതുകകരവുമാണ്.
സൂക്ഷ്മ ജീവികള്‍ മുതല്‍ തിമിംഗലങ്ങള്‍ വരെ എല്ലാ വിഭാഗം ജീവികളേയും കുറിച്ച് അറിവുനല്കുന്നവിധത്തില് ഇവിടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. തിരുവിതാംകൂറിലെ പക്ഷികളെക്കുറിച്ച് പഠിക്കുവാന്‍ പക്ഷി ശാസ്ത്രജ്ഞനായ ഡോ. സലിം അലി ശേഖരിച്ച പക്ഷികളുടെ ഒരു വലിയ ശേഖരം ഇവിടെ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ പ്രധാന ആദിവാസി വിഭാഗങ്ങളായ തണ്ടപ്പുലയ, കാണിക്കാര്‍, മലമ്പണ്ടാരം, മുതുവാന്‍, മന്നന്, ചോലനായ്ക്കന്‍ എന്നിവരുടെ മാതൃകകള്‍ വളരെ ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കേരളത്തിലെ ഒരു പഴയ നാലുകെട്ടിന്റെ മാതൃക, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീ പുരുഷ വസ്ത്രധാരണ രീതി എന്നിവയും ഇവിടെ കാണാം.