തൃശ്ശൂര്‍ ജില്ലയിലെ നെടുമ്പുറം തളിക്ഷേത്രത്തിലെ (ഇന്ന് വടക്കാഞ്ചേരി തളി) വാതില്‍ മാടത്തിനുസമീപം കണ്ടെത്തിയ ശാസനങ്ങള്‍. കുലശേഖരപ്പെരുമാളായ കോതരവിയുടെ 17-ാം ഭരണവര്‍ഷത്തേതാണ് ഒരു ശാസനം. ഇതിന്റെകാലം എ. ഡി. 900 ആണെന്നും 934 ആണെന്നും അഭിപ്രായമുണ്ട്. ക്ഷേത്രത്തെ നിത്യവിചാരേശ്വരം തളി എന്ന പേരിലാണ് പരാമര്‍ശിക്കുന്നത്. ക്ഷേത്രത്തിലെ തളിയാരും (ഭരണസമിതി) തളികളുടെ അധികാരിയും (തളിയാതിരി) വെണ്‍പൊലിനാട് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉഗ്രമംഗലം, ഈശാനമംഗലം ഗ്രാമങ്ങള്‍ ക്ഷേത്രച്ചെലവിനായി വിട്ടു കൊടുക്കുന്നതാണ് വട്ടെഴുത്തിലുള്ള ശാസനപ്രമേയം. പാട്ടം എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഈ ലിഖിതത്തിലാണത്രെ. വിളവിന്റെ ഓഹരി എന്ന അര്‍ത്ഥത്തിലാണ് 'പാട്ടം' ഉപോഗിച്ചിരിക്കുന്നത്. പാട്ടം നിശ്ചിതസമയത്ത് അടച്ചില്ലെങ്കില്‍ സ്വര്‍ണ്ണപ്പിഴയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നങ്ങമാരെക്കുറിച്ച് പരാമര്‍ശമുള്ള രേഖയാണിത്. പല ലിഖിതങ്ങളിലും പ്രത്യക്ഷപ്പെടുന്ന നങ്ങമാരും കൂത്തച്ചികളും ആട്ടക്കാരികളായിരുന്നു. നട്ടുവന്നമാര്‍ക്കും (നൃത്താധ്യാപകര്‍) കാന്ദര്‍പ്പികള്‍ക്കും (അഭിനേതാക്കള്‍) മറ്റുമുള്ള ആനിയം (പ്രതിഫലം) പറയുന്നിടത്താണ് നങ്ങമാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് ഈ രേഖയില്‍ കാണുന്നത്. ഉത്തമം, മധ്യമം, അധമം എന്ന് വേര്‍തിരിച്ച് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നതിനാല്‍ നങ്ങമാര്‍ക്കിടയില്‍ പലതരക്കാരുണ്ടായിരുന്നിരിക്കണം.
ക്ഷേത്രത്തിലേക്ക് ഭൂമിദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു ലിഖിതം. ഇതില്‍ പ്രത്യക്ഷപ്പെടുന്ന കുലശേഖരപ്പെരുമാള്‍ ഇന്ദുക്കോതയാണ്.
ഭാസ്കരരവിവര്‍മ്മയുടെ 11-ാം ഭരണവര്‍ഷം (എ.ഡി. 973) രേഖപ്പെടുത്തിയതാണ് മറ്റൊരു നെടുമ്പുറംതളിരേഖ. ത്രിഭുവനമഹാദേവിയായ ചിരിതരനങ്ങച്ചി ക്ഷേത്രത്തിലേക്ക് ആണ്ടുതോറും കൊടുക്കേണ്ട നെല്ലിനെക്കുറിച്ച് ഈ ലിഖിതത്തില്‍ പറയുന്നു. നങ്ങച്ചിയുടെ കൈവശമുള്ള ഭൂസ്വത്തിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് നങ്ങമാര്‍ ധാരാളം ഭൂമിയുള്ളവരായിരുന്നുവെന്ന് മനസ്സിലാക്കാം. പേരിനൊപ്പം 'മഹാദേവി' എന്നു കാണുന്നതിനാല്‍ ഏതെങ്കിലും രാജകുടുംബവുമായി ബന്ധമുണ്ടായിരിക്കാമെന്നും കരുതുന്നു.