നെഹ്‌റുട്രോഫി വള്ളംകളി

കായലുകളും പുഴകളും തോടുകളും ധാരാളമുള്ള കേരളത്തില്‍ പണ്ടുമുതല്‍ക്കേയുള്ള ഒരു വിനോദമാണ് വള്ളംകളി. ഓണക്കാലത്ത് പ്രത്യേകിച്ച് അതൊരു ഉത്സവമായിത്തീരുകയാണ് പതിവ്.

നെഹ്‌റുട്രോഫി വള്ളംകളി ആലപ്പുഴയിലെ പുന്നമടക്കായലിലാണ് നടത്തിവരുന്നത്. 1952 ല്‍ പുന്നമടക്കായലില്‍ മത്സരാടിസ്ഥാനത്തില്‍ വള്ളംകളി സംഘടിപ്പിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു പ്രധാന അതിഥി. വിജയിക്കുന്ന വള്ളത്തിനു നല്‍കുന്ന ട്രോഫി അങ്ങനെ നെഹ്‌റുട്രോഫിയായി. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താറുള്ള നെഹ്‌റുട്രോഫി വള്ളംകളി ഒരു ദേശീയോത്സവമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചുണ്ടന്‍വള്ളങ്ങളില്‍ നൂറോളം തുഴക്കാര്‍ അണിനിരന്ന് പാട്ടിന്റെ താളത്തിനൊത്ത് വള്ളം തുഴയുന്ന കാഴ്ച അതിമനോഹരമാണ്.