ഓടക്കുഴല്‍

വേണു, മുരളി, പുല്ലാങ്കുഴല്‍ എന്നൊക്കെ ഓടക്കുഴലിനു പേരുകളുണ്ട്. വളരെ ലളിതമായൊരു സുഷിരവാദ്യമാണ് ഓടക്കുഴല്‍. ചൈനയിലും ജപ്പാനിലും പാശ്ചാത്യനാടുകളിലുമൊക്കെ വളരെ പണ്ടുമുതലേ ഓടക്കുഴല്‍ പ്രചാരത്തിലുണ്ടായിരുന്നു.

മുളവര്‍ഗത്തില്‍പ്പെട്ട ഓട (ഈറ)യുടെ വണ്ണം കുറഞ്ഞ തണ്ടു കൊണ്ടാണ് ഓടക്കുഴല്‍ നിര്‍മ്മിക്കുന്നത്. കുഴലിന്റെ ഒരറ്റം അടഞ്ഞിരിക്കണം. അതിനുവേണ്ടി ഒരു മുട്ടില്‍ വച്ചാണ് തണ്ട് മുറിക്കുന്നത്. സാധ്യമല്ലാതെ വരുമ്പോള്‍ മെഴുകോ മറ്റോ കൊണ്ട് അറ്റം അടയ്ക്കുന്നു. അടഞ്ഞ അറ്റത്തിനടത്തുനിന്ന് കുഴലിന്റെ വ്യാസത്തിന് തുല്യമായ ദൂരത്തില്‍ സുഷിരമുണ്ടാക്കുന്നു. ഈ സുഷിരമാണ് മുഖരന്ധ്രം. മുഖരന്ധ്രത്തില്‍ വായ് ചേര്‍ത്തു കൊണ്ട് ചെറുതായി ഊതുമ്പോള്‍ ശബ്ദം പുറപ്പെടുന്നു. മുഖരന്ധ്രത്തില്‍ നിന്ന് അല്‍പ്പം അകലെയായി  വേണുവിന്റെ ഉടലില്‍ ഏഴോ എട്ടോ സുഷിരങ്ങള്‍  ഉണ്ടാകും. ഇവയ്ക്ക് അംഗുലീരന്ധ്രങ്ങള്‍ എന്നു പറയുന്നു. അംഗുലീരന്ധ്രങ്ങളില്‍ വിരല്‍ വിന്യാസം നടത്തിയാണ് വിവിധസ്വരങ്ങള്‍ സൃഷ്ടിക്കുന്നത്. രണ്ടറ്റവും തുറന്ന പുല്ലാങ്കുഴലുകളുമുണ്ട്. 'ഏകവീരം' എന്നയിനത്തില്‍പ്പെട്ട പുല്ലാങ്കുഴലുകളാണ് ഇന്ന് പ്രചാരത്തിലുളളത്. ഇതിന് മുഖരന്ധ്രം ഉള്‍പ്പെടെ ഒമ്പതു സുഷിരങ്ങളുണ്ടാകും.

ഇംഗ്ലീഷില്‍ ഫ്ളൂട്ട് (flute) എന്നാണ് ഓടക്കുഴല്‍ അറിയപ്പെടുന്നത്. ലോഹനിര്‍മ്മിതവും സ്വരക്കട്ടകള്‍ പിടിപ്പിച്ചതുമായ ഫ്ളൂട്ടുകളും പാശ്ചാത്യസംഗീതസദസുകളില്‍ ഉപയോഗിച്ചു വരുന്നു. ഭാരതീയ വാദ്യത്രയത്തില്‍ (വീണ, വേണു, മൃദംഗം) ഒന്നായി ഓടക്കുഴലിനെ കണക്കാക്കുന്നു. അറുപത്തിനാലു കലകളില്‍ ഒന്നാണ് വേണുവാദനം.