ഓണത്താറും ഓണേശ്വരനും

ഓണത്താറ്:
ഓണത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാന കലാരൂപമാണ് ഓണത്താറ്. ഓണത്തപ്പന്‍, ഓണത്തെയ്യം എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. വണ്ണാന്മാരാണ് ഓണത്തെയ്യത്തിലെ കാര്‍മ്മികര്‍. കണ്ണൂര്‍ ജില്ലയിലും പരിസര പ്രദേശങ്ങളിലുമാണ് ഈ അനുഷ്ഠാനം നിലവിലുണ്ടായിരുന്നത്.

ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ ഓണത്തെയ്യം വീടുകളില്‍ സന്ദര്‍ശനം നടത്തും. ആണ്‍കുട്ടികളാണ് ഓണത്തെയ്യം കെട്ടുന്നത്. കൂടെ വാദ്യക്കാരും ഉണ്ടാകും. ലളിതമായ മുഖത്തെഴുത്തും പ്രത്യേക തരത്തിലുള്ള തൊപ്പിയും മറ്റു ചമയങ്ങളും ഈ തെയ്യത്തിന്റെതായുണ്ട്. വലതുകയ്യില്‍ മണിയും ഇടതുകയ്യില്‍ ഓണവില്ലും ഉണ്ടായിരിക്കും. മണിമുട്ടിക്കൊണ്ടാണ് ഓണത്തെയ്യം നടന്നു നീങ്ങുന്നത്.

വീടുകളില്‍ ചെല്ലുന്ന ഓണപ്പൊട്ടന്‍ പാട്ടിന്റേയും, വാദ്യത്തിന്റേയും പശ്ചാത്തലത്തില്‍ ആട്ടം അവതരിപ്പിക്കും. ഓണത്താറിന് പാടാന്‍ പ്രത്യേകം പാട്ടുകളുണ്ട്. ഓണാഘോഷത്തിന്റെ ഉത്ഭവവും മഹാബലിയുടെ ഐതിഹ്യവുമാണ് പാട്ടില്‍ വിവരിക്കുന്നത്. പ്രത്യേക താളത്തിലാണ് ഈ പാട്ടിന്റെ അവതരണം.

ഓണേശ്വരന്‍:
കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഓണത്തെയ്യത്തിന് സമാനമായ അനുഷ്ഠാനമാണ് ഓണേശ്വരന്‍. കോഴിക്കോട് ജില്ലയിലും പരിസരപ്രദേശങ്ങളിലുമാണ് ഈ അനുഷ്ഠാന കലാരൂപത്തിന് പ്രചാരം. ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഈ തെയ്യം സംസാരിക്കാറില്ല. അതുകൊണ്ടാണത്രെ ഓണപ്പൊട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.