ഒപ്പനമലബാര്‍ മാപ്പിള (മുസ്ലിം) സംസ്കാരത്തിന്റെ സംഭാവനയാണ് ഒപ്പന. കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മാര്‍ക്ക കല്ല്യാണം, കാതുകുത്ത്, നാല്പതുകുളി, പിറപ്പുമുടികളയല്‍ തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും ഒപ്പന അരങ്ങേറാറുണ്ട്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാററുക, കാതുകുത്തിനും സുന്നത്തിനും മററും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിന്റേയും ഭാഗത്തുള്ള സംഘങ്ങള്‍ മത്സരബുദ്ധിയോടെ ഒപ്പന പാടും. മാപ്പിളപ്പാട്ടിന്റെ ഒരു ഇശല്‍ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ.  ശൃംഗാരരസം നിറഞ്ഞ പാട്ടുകള്‍ക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയില്‍ പാടാറുണ്ട്.

പാട്ടിന് ചായല്‍, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയല്‍ ചായല്‍മുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും. 

അതാതു സ്ഥലങ്ങളിലെ പരമ്പരാഗതവേഷങ്ങളും ആഭരണങ്ങളുമായിരുന്നു മുന്‍കാലത്തു ഒപ്പനപ്പാട്ടുകാര്‍ ധരിച്ചിരുന്നത്. പുള്ളികളുള്ള കളര്‍തുണിയും തട്ടവുമണിഞ്ഞ വേഷം വര്‍ണ്ണശബളമായിരുന്നു. അരയില്‍ പടിവെച്ച വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളയും ധരിക്കുക സാധാരണമാണ്. കാതില (കര്‍ണാഭരണം) പല തരമുണ്ട്. തോട, മണിക്കാതില, ചിററ്, മിന്നി, വൈരക്കാതില, പൂക്കാതില, അന്തോടിക്കാതില -ഇവ അവയില്‍ ചിലതു മാത്രം. കഴുത്തില്‍ അണിയാന്‍ കൊരലാരം, ഇളക്കക്കൊരലാരം തുടങ്ങിയ ആഭരണങ്ങളാണ് വേണ്ടത്. കൂടെ ചങ്കേല്, പരന്നേല്, കല്ലുമണി, പതക്കം, ചക്രമാല, ദസ്വി, മുല്ലമാല ഇവയും ഉപയോഗിക്കാറുണ്ട്. ഒപ്പന നൃത്തകല അല്ലെന്നും, ഒന്നിച്ചുനിന്നും ഇരുന്നും സ്ഥാനം മാറിയും ചുററിനടന്നും ഉള്ള കളിയാണെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഇശലുകളുടെ മാത്രകള്‍ക്കൊത്ത് കളിക്കാര്‍ കൈമുട്ടണം. 

പുരുഷന്മാരും ഒപ്പന അവതരിപ്പിക്കാറുണ്ട്. സ്ത്രീകളുടെ ഒപ്പനയില്‍ നിന്ന് ഇതിന് പല മാററങ്ങളുമുണ്ട്. പുരുഷന്മാര്‍ പുതുമാരനെ വലയം ചെയ്തുകൊണ്ടാണ് ഒപ്പന പാടുന്നത്.  വെള്ള മുണ്ടും ഷര്‍ട്ടും ആണ് സാധാരണ ഉപയോഗിക്കുന്ന വേഷം. തൊപ്പിയോ തലയില്‍ കെട്ടോ ഉണ്ടാകും.

മാപ്പിള വീടുകളിലെ അകത്തളങ്ങളില്‍നിന്നും ഒപ്പന ക്രമേണ സാംസ്കാരിക സദസുകളിലേക്കും യുവജനോത്സവങ്ങളിലേക്കും പറിച്ചു നടപ്പെട്ടു. തനതു രീതികള്‍ക്കൊപ്പം ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കും ഇതു വഴി വെച്ചു. ഹൃദ്യവും ആകര്‍ഷകവും ആയ ഒരു കലാവിരുന്നായി ഒപ്പന രൂപാന്തരപ്പെട്ടു എന്നു പറയാം.