ഭരണം

വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും സ്വപ്നസാക്ഷാത്ക്കാരമായ കേരള കലാമണ്ഡലം അവരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്നു മാറി ഒരു പൊതുസ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതികളിലേയ്ക്ക് പരിവര്‍ത്തനപ്പെടുന്നത് 1941-ലാണ്. അന്നുമുതല്‍ കൊച്ചി സര്‍ക്കാരിന്റെ കീഴില്‍ ബാലാരിഷ്ടതകളോടെ പുലര്‍ന്നുപോന്ന കലാമണ്ഡലം കേരള സര്‍ക്കാര്‍ നിലവില്‍ വന്നതില്‍പ്പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ അധികാരപരിധിയിലായി. 1975-ല്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം സൊസൈറ്റിയായി കലാമണ്ഡലം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് സാംസ്കാരിക വകുപ്പ് രൂപീകൃതമായതോടെ കലാമണ്ഡലം അതിന്റെ കീഴില്‍ സ്വതന്ത്ര ഭരണാധികാരസ്വഭാവമുള്ള സ്ഥാപനമായി മാറി. സര്‍ക്കാരില്‍ നിന്ന് പദ്ധതി-പദ്ധതിയേതര വിഭാഗങ്ങളില്‍ വര്‍ഷം തോറും ലഭിച്ചുവരുന്ന ഗ്രാന്‍റാണ് കലാമണ്ഡലത്തിന്റെ സാമ്പത്തികമായ ആസ്തി. ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലും കലാമണ്ഡലം നടത്തിവരുന്ന കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍ എന്നിവയ്ക്ക് ലഭിക്കുന്ന ചുരുങ്ങിയ പ്രതിഫലത്തിലെ ഭാഗവും കലാമണ്ഡലത്തിന്റെ ആസ്തിയില്‍പ്പെടും.