കേരളീയ കലകളില്‍ എക്കാലവും വളരെയേറെ പ്രാധാന്യം കല്‌പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് തുള്ളല്‍. നമ്മുടെ പരമ്പരാഗത നാടന്‍ കലകളില്‍ നിന്ന് പലതും കടം കൊണ്ട് പതിനെട്ടാം നൂറ്റാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌ക്കരിച്ച ഒരു ക്ഷേത്രകലയാണ് ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്നീ വിഭജനങ്ങളോടു കൂടിയ തുള്ളല്‍. ഇവ ഓരോന്നിനും പ്രത്യേകമായ ചിട്ടകളും വേഷവിധാനങ്ങളും കല്‌പിച്ചിട്ടുണ്ട്. ഇതില്‍ ഓട്ടന്‍ തുള്ളലിനാണ് ഏറെ പ്രാധാന്യം കൈവന്നത്. എന്നാല്‍ വിഭജനങ്ങള്‍ നിലനില്‌ക്കെതന്നെ ഓട്ടന്‍ തുള്ളല്‍ എന്ന ഒരു സാമാന്യ വിശേഷണത്താലാണ് ഈ കല അറിയപ്പെടുന്നത്.
തകഴിയിലും പരിസരങ്ങളിലും പ്രചാരത്തിലുള്ള അനുഷ്‌ഠാന കലയായ പടയണിയില്‍ ഊരാളി തുള്ളല്‍, കോലം തുള്ളല്‍, പൂപ്പട തുള്ളല്‍ എന്നിങ്ങനെയുള്ള നൃത്ത രീതികളുണ്ട്. ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്ന പേരുകള്‍ പടയണിയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. തുള്ളല്‍ എന്നാല്‍ നൃത്തമെന്നര്‍ത്ഥം.
ഇപ്പോള്‍ എല്ലാം സമുദായക്കാരും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യ കല എന്ന നിലയ്‌ക്കാണ് ഇതു വളര്‍ച്ച പ്രാപിച്ചത്. കലാകാരന്മാര്‍ക്ക് മെയ് വഴക്കം നേടുവാന്‍ കളരിയഭ്യാസം അനുപേക്ഷണീയമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ മെയ് സാധകത്തോടൊപ്പം ചുവടു സാധകം, മുദ്രാസാധകം, മുഖാംഗ സാധകം, ചൊല്ലിയാട്ടം എന്നിവയിലും ശിക്ഷണം ലഭിച്ചിരിക്കണം. ഒരു ദൃശ്യകല രൂപമെന്നതിലുപരി സാഹിത്യത്തിലൂടെയുള്ള പരിഹാസവര്‍ഷത്തിനും കുറിക്കു കൊള്ളുന്ന നര്‍മ്മോക്തികള്‍ക്കും തുള്ളലില്‍ പ്രാധാന്യമുള്ളതിനാല്‍ തുള്ളല്‍ സാഹിത്യത്തിലും സംഗീതത്തിലും കലാകാരന്മാര്‍ക്കു പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതുണ്ട്.
നളചരിതം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീ സ്വയംവരം, രാമാനുചരിതം, ബകവധം, രാവണോത്ഭവം, ബാലിവിജയം, ബാണയുദ്ധം, അഹല്യാമോക്ഷം എന്നിങ്ങനെ ഒട്ടേറെ കൃതികള്‍ കുഞ്ചാന്‍ നമ്പ്യാര്‍ ഓട്ടന്‍ തുള്ളലിനു വേണ്ടി രചിച്ചിട്ടുണ്ട്. രാമപുരത്തു വാര്യരുടെ ഐരാവണ വധം, വെണ്മണി മഹന്റെ പാഞ്ചാലീ സ്വയംവരം, കെ. പി. കറുപ്പന്റെ കാളിയ മര്‍ദ്ദനം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീശങ്കര വിലാസം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്റെ രാമായണം എന്നീ കൃതികള്‍ നമ്പ്യാര്‍ക്കു ശേഷം ഉണ്ടായവയാണ്.
നൃത്തം ചവിട്ടിക്കൊണ്ടും പാട്ടു പാടിക്കൊണ്ടും ഹസ്‌ത മുദ്രകളിലും ആംഗ്യത്തിലും കൂടെ കഥ ചൊല്ലിപ്പോകുന്ന സമ്പ്രദായമാണ് തുള്ളല്‍ക്കലയിലുള്ളത്. നൃത്തത്തിനു ചേരും വിധം രചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തുള്ളലിലെ സംഗീതം താള പ്രധാനമാണ്. തൊപ്പി മദ്ദളത്തിനു പകരം ഇപ്പോള്‍ മൃദംഗവും പിന്നെ കൈമണിയുമാണ് തുള്ളലിലെ വാദ്യങ്ങള്‍. അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം, കാരിക, ലക്ഷ്‌മി, കുണ്ടനാച്ചി, കുംഭം എന്നിവയാണ് താളങ്ങള്‍.
ഓട്ടന്‍ തുള്ളല്‍ മൂന്നു പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്നു. തുള്ളല്‍കാരനും രണ്ടു വാദ്യക്കാരും. മുദ്രകള്‍ കാണിച്ച് അഭിനയിച്ച് തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ വാദ്യക്കാരും ഏറ്റു പാടും.
ഇനി തുള്ളല്‍ക്കാരന്റെ വേഷം. മുഖത്തു തേപ്പ് 'പച്ച'യാണ്. ചൂണ്ടപ്പൂവിട്ട് കണ്ണു ചുവപ്പിക്കുന്നു. കരിമഷികൊണ്ട് പുരികവും വാലിട്ടു കണ്ണുമെഴുതും. തലയില്‍ തുണികൊണ്ട് 'കൊണ്ട' കെട്ടിയശേഷം അര്‍ദ്ധവൃത്താകാരത്തിലുള്ള കിരീടം വെയ്‌ക്കുന്നു. അരയില്‍ ചുവന്ന പട്ടും അതിന്മേല്‍ കച്ചയും കെട്ടുന്നു. പിന്‍ഭാഗത്ത് 'കര മുണ്ടും' മുന്‍ഭാഗത്ത് 'മുന്തിയും' ധരിക്കുന്നു. കഴുത്താരം, കൊരലാരം, മാര്‍മാല, നെഞ്ചുപലക, തോള്‍പ്പൂട്ട്, ഹസ്‌തകടകം, കങ്കണം, കച്ചമണി എന്നിവ കൂടിയാകുമ്പോള്‍ വേഷം പൂര്‍ത്തിയായി.
താളങ്ങളില്‍, വേഷങ്ങളില്‍, നൃത്തരീതികളില്‍ എന്നിങ്ങനെ എല്ലാറ്റിലും കേരളീയമായ നാടന്‍ കലകളുടെ ചാരുത ദര്‍ശിക്കുവാന്‍ കഴിയുന്ന തുള്ളല്‍കല അതുല്യമായ ഒരു കലാ രൂപമാണെന്നതില്‍ രണ്ടു പക്ഷമില്ല.