പാന

ഭദ്രകാളി ആരാധനയുടെ ഭാഗമായി അവതരിപ്പിച്ചു വരുന്ന അനുഷ്ഠാന രൂപമാണ് പാന. പാന രണ്ടു തരമുണ്ട് ഒരു പകല്‍ കൊണ്ട് തീരുന്നത് കളിപ്പാനയും, രാവും പകലും നീണ്ടു നില്‍ക്കുന്നത് കള്ളിപ്പാനയും. പൊന്നാനി, ഏറനാട്, കൊച്ചി, തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പാനക്ക് പ്രചാരം. അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നൃത്തവും തോറ്റം ചൊല്ലലും പാനയുടെ ഭാഗമാണ്.

അലങ്കരിച്ച പന്തലില്‍ വച്ചാണ് പാന നടത്തുന്നത്. പാനപ്പന്തലിന് അറുപത്തിനാലു കാലുകള്‍ വേണമെന്നാണ്.  കുരുത്തോല, കുലവാഴ മുതലായവകൊണ്ടാണ് പന്തല്‍ അലങ്കരിക്കുന്നത്. പാനപ്പന്തലിന് നാലുമുഖങ്ങളും നാലുതട്ടകങ്ങളുമുണ്ടാവും.  മധ്യത്തിലുള്ള പതിനാറു കാലിനുള്ളിലാണ് ഭദ്രകാളിത്തട്ടകം. അതിന് കിഴക്ക് വേട്ടയ്ക്കൊരുമകന്‍ തട്ടകവും വടക്ക് ശാസ്താവിന്റെ തട്ടകവും തെക്ക് വാദ്യക്കാര്‍ക്കുള്ള തട്ടകവും പടിഞ്ഞാറുഭാഗത്ത് കാണികള്‍ക്ക് നില്‍ക്കാനുള്ള ഇടവും ഉണ്ടാകും.

പന്തല്‍ ശുദ്ധി വരുത്തിയശേഷം വാദ്യഘോഷങ്ങളോടെ പാലമരത്തിന്റെ കൊമ്പ് എഴുന്നള്ളിച്ചു കൊണ്ടുവരും. പാനപ്പന്തലില്‍ ഭദ്രകാളിത്തട്ടകത്തിന്റെ മധ്യത്തില്‍ പ്രത്യേകം പണിത തറയിലാണ് പാലക്കൊമ്പു നാട്ടുന്നത്. ആ തറയില്‍  പഞ്ചവര്‍ണപ്പൊടികൊണ്ട്  'പത്മം' വരയ്ക്കും. പാലക്കൊമ്പിനു കിഴക്കുവശത്തുള്ള ഭദ്രകാളിയുടെ ശ്രീകോവിലില്‍ പീഠം വയ്ക്കും. പിന്നീട് പാനക്കാരുടെ ആശാന്‍ പൂജ കഴിക്കും. നൃത്തംവച്ചാണ് പൂജ. തുടര്‍ന്ന് കുരുതി തര്‍പ്പണം. തിരി ഉഴിച്ചിലാണ് പാനയുടെ മറ്റൊരു ചടങ്ങ്.  കൈയില്‍ ജ്വലിക്കുന്ന തിരികളും പന്തങ്ങളുമായി നൃത്തം ചെയ്തുകൊണ്ടാണ് തിരി ഉഴിച്ചില്‍ നടത്തുന്നത്.

തുടര്‍ന്ന് തോറ്റം ചൊല്ലും. തെക്കുഭാഗത്തിരുന്നാണ് തോറ്റം പാടുന്നത്. നാലുദിവസത്തെ ഉത്സവമാണെങ്കില്‍ ആദ്യദിവസം ഗണപതിത്തോറ്റവും രണ്ടാം ദിവസം ശാസ്താംതോറ്റവും മൂന്നാം ദിവസം ദാരികത്തോറ്റവും ചെറിയ കാളിത്തോറ്റവും നാലാം ദിവസം വലിയ കാളിനാടകത്തോറ്റവും പാടും. തോറ്റം പാടിക്കഴിഞ്ഞാല്‍ വെള്ളിച്ചപ്പാടിന്റെ വെളിച്ചപ്പെടലും അരുളപ്പാടും നടക്കും. പറ, ചെണ്ട, മദ്ദളം, ഇലത്താളം, കുഴല്‍, കൊമ്പ് എന്നിവയാണ് പാനയ്ക്ക് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍.