പാണ്ടിമേളം

കേരളത്തിലെ തനതുചെണ്ടമേളങ്ങളില്‍ പഞ്ചാരിമേളത്തിനൊപ്പം പ്രാധാന്യമുളളതാണ് പാണ്ടിമേളം. പേരുകേള്‍ക്കുമ്പോള്‍ തമിഴ്ച്ചുവയുണ്ടെങ്കിലും ഈ മേളത്തിന് തമിഴ് നാടുമായി യാതൊരു ബന്ധവുമില്ല. മറ്റു ചെണ്ട മേളങ്ങളിലെ വാദ്യോപകരണങ്ങള്‍ തന്നെയാണ് പാണ്ടിമേളത്തിനും ഉപയോഗിക്കുന്നത്. പതിഞ്ഞകാലത്തില്‍ തുടങ്ങി ദ്രുതകാലത്തിലേയ്ക്കുളള പ്രയാണം, വാദ്യക്കാരുടെ നില്‍പ്പം ദൗത്യവും, ഏറ്റവും ഒടുവില്‍ മാത്രം താളത്തിന്റെ  പൂര്‍ണരൂപം അനാവൃതമാകുന്ന ശൈലി  എന്നിങ്ങനെ പല കാര്യങ്ങളിലും പാണ്ടിമേളം മറ്റു ചെണ്ട മേളങ്ങള്‍ക്ക് സമാനമാണ്. എന്നാല്‍ ചില വ്യത്യാസങ്ങള്‍ പാണ്ടിയെ ചെണ്ടമേളങ്ങളിലെ ഒറ്റയാനാക്കുന്നു.

മറ്റുമേളങ്ങള്‍ തുടക്കത്തില്‍ ചെമ്പടവട്ടങ്ങളുടെ പെരുക്കങ്ങളായാണ്  അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ പാണ്ടി തുടക്കം മുതല്‍ അടന്തയാണ്. അതുകൊണ്ടുതന്നെ മറ്റു മേളങ്ങള്‍ പൊതുവെ ചെമ്പടമേളങ്ങള്‍ എന്നറിയപ്പെടുന്നു. മറ്റുമേളങ്ങളില്‍ ഓരോ കാലവും ക്രമമായി അവസാനിച്ച് അടുത്തകാലം തുടങ്ങുന്ന രീതിയാണ്. എന്നാല്‍ പാണ്ടിയില്‍ കാലങ്ങളുടെ നിമ്‌ന്നോന്നതങ്ങളില്ല.  വച്ചടിവച്ചടി കയറ്റമാണ്. പഞ്ചാരിയില്‍നിന്നു വ്യത്യസ്തമായി പാണ്ടിയില്‍ രണ്ടു കൈകളിലും കോല്‍ ഉപയോഗിക്കുന്നു.