പാട്ട്

തമിഴ് അക്ഷരമാലയില്‍ എഴുതിയതും എതക, മോന എന്നീ വൃത്തങ്ങള്‍ ഉള്ളതും ദ്രാവിഡവൃത്തങ്ങളില്‍ എഴുതിയതുമായ കാവ്യങ്ങളാണ് പാട്ട് എന്ന വിഭാഗത്തില്‍ വരുന്നത്. മലയാളത്തിലെ ആദികാവ്യമായി പരിഗണിക്കുന്നത്. 13- ാം നൂറ്റാണ്ടില്‍ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന രാമചരിതം എന്ന കൃതിയാണ്. ചീരാമന്‍ എഴുതിയ ഈ കൃതി രാമായണത്തിലെ യുദ്ധകാണ്ഡത്തെ ആസ്പദമാക്കി ആയിരുന്നു. 164 പടലങ്ങളും, 1814 ശീലുകളുമാണ് ഇതിനുളളത്. പിന്നീടുണ്ടായ പാട്ടുകൃതികളില്‍ 'തമിഴ് അക്ഷരങ്ങള്‍ വേണം, എതുക, മോന എന്നിവ വേണം' തുടങ്ങിയ നിബന്ധനങ്ങള്‍ ആവശ്യമില്ലാതായിത്തീര്‍ന്നു.

പാട്ടുപ്രസ്ഥാനത്തിലെ അടുത്ത പ്രധാന കവികളാണ് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കണ്ണശ്ശകവികള്‍ എന്നറിയപ്പെടുന്ന മലയിന്‍കീഴ് മാധവന്‍, വെള്ളാങ്ങല്ലൂര്‍ ശങ്കരന്‍, നിരണത്തു രാമന്‍ എന്നിവര്‍. ഭഗവദ് ഗീതയുടെ മലയാള വിവര്‍ത്തനമാണ് മാധവന്‍ രചിച്ചത്. മഹാഭാരതത്തെ ആസ്പദമാക്കിയുളള 'ഭാരത മാല'യാണ് വെള്ളാങ്ങല്ലൂര്‍ ശങ്കരന്റെ കൃതി. തിരുവല്ലയ്ക്കടുത്ത് നിരണത്തുകാരനായ രാമന്റെ കണ്ണശ്ശരാമായണം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രാമായണമാണ്. ഈ മൂന്നുകൃതികളും മലയാള കവിതയുടെ പരിണാമത്തെ വ്യക്തമാക്കുന്നു.

പാട്ടു പ്രസ്ഥാനത്തിന്റെ മറ്റൊരു കൃതിയാണ് ചെറുശ്ശേരി നമ്പൂതിരി 15-ാം നൂറ്റാണ്ടില്‍ രചിച്ച 'കൃഷ്ണഗാഥ' .

1446-1465 കാലത്ത് കോലത്തുനാട്ടിലെ രാജാവായിരുന്ന ഉദയവര്‍മ്മയുടെ ആവശ്യപ്രകാരമാണ് കൃഷ്ണഗാഥ എഴുതിയതെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ഇന്നും ചെറുശ്ശേരിയുടെ യഥാര്‍ത്ഥ നാമം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോവളത്തെ ആവാടുതുറക്കാരനായ അയ്യപ്പിള്ള ആശാന്‍ രചിച്ചകൃതിയാണ് 'രാമകഥപ്പാട്ട്' ഇത് 16-ാം നൂറ്റാണ്ടിനു മുമ്പായിരിക്കണം. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ 'ചന്ദ്രവളയം' എന്ന ലഘുവാദ്യമുപയോഗിച്ച് രാമകഥപ്പാട്ടു പാടിയിരുന്നതിന് തെളിവുകളുണ്ട്.

വാസുദേവസ്തവം, അവതരണദശകം, ദശാവതാരചരിത്രം, ചെല്ലൂര്‍ നാഥസ്തവം, രാമായണകീര്‍ത്തനം, ഭദ്രകാളീസ്തവം, തുടങ്ങി സ്‌തോത്രകൃതികളും 15-ാം നൂറ്റാണ്ടില്‍ പിറവി എടുത്തു. പുനം നമ്പൂതിരിയുടേത് എന്ന് പറയപ്പെടുന്ന രാമായണം ചമ്പു (16-ാം നൂറ്റാണ്ട്), മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ നൈഷധം ചമ്പു (16-ാം നൂറ്റാണ്ട്), ആരെഴുതി എന്നു തീര്‍ച്ചയില്ലാത്ത രാജരത്‌നാവലീയം, കൊടിയ വിരഹം, കാമദഹനം ചമ്പു (16-ാം നൂറ്റാണ്ട്) 17-ാം നൂറ്റാണ്ടില്‍ നീലകണ്ഠന്‍ നമ്പൂതിരി എഴുതിയ ചെല്ലൂര്‍ നാഥോദയം, തെങ്കൈല നാഥോദയം, നാരായണീയം എന്നീ ചമ്പുക്കളുമാണ് പിന്നീട് മണിപ്രവാളത്തിലുണ്ടായ മികച്ച കൃതികള്‍.