പാവകളി

ലോകത്തെങ്ങും പ്രചാരമുള്ള ഒരു ദൃശ്യകലാരൂപമാണ് പാവകളി. നിര്‍ജ്ജീവങ്ങളായ പാവകളെ സൂത്രധാരന്‍ ചലിപ്പിക്കുകയാണ് പാവകളിയില്‍. ചരടുകൊണ്ടു ചലിപ്പിക്കുന്നവയും കൈകൊണ്ടു ചലിപ്പിക്കുന്നവയും ഉണ്ട്. മറെറാരു വിഭാഗം പാവകളെ ചെറിയ വടികളെ കൊണ്ടു് നിയന്ത്രിച്ചാണ് കളിപ്പിക്കുന്നത്. ഇതിനെ റാഢ് പപ്പറ്റ് അഥവാ വടിപ്പാവ എന്നു പറയും. നിഴല്‍ തിരശ്ശീലയില്‍ വീഴ്ത്തിയുളള പ്രകടനമാണ് നിഴല്‍പ്പാവകളി അഥവാ നിഴല്‍പ്പാവക്കൂത്ത്.  

പാവകളിയില്‍ ഏറ്റവും പ്രചാരം ഉള്ളവയാണ് കയ്യുറപ്പാവകള്‍.  സൂത്രധാരന്‍ തട്ടികള്‍ക്കു പിന്നില്‍ മറഞ്ഞു നിന്ന് പാവകളെ ഉയര്‍ത്തികാട്ടി കളിപ്പിക്കുന്നു. കയ്യുറ പാവകള്‍ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. കൊച്ചു കുട്ടികളെ രസിപ്പിക്കാനും പഠിപ്പിക്കാനും ഇവക്കു കഴിയും.

വടിപ്പാവകള്‍ മുകളില്‍ നിന്നോ താഴെ നിന്നോ നിയന്ത്രിക്കാവുന്നതാണ്. തലയും കൈകളുമാണ് ഇത്തരം പപ്പറ്റുകളുടെ ജീവന്‍. പാവകളുടെ വേഷത്തിനുള്ളിലും മറ്റുമാണ് വടികള്‍ ഒളിപ്പിക്കുന്നത്. ഭാരം കുറഞ്ഞവയാണ് ഇത്തരം പാവകള്‍.  

ചരട്പാവകളെ ചലിപ്പിക്കുന്നത് മുകളില്‍ നിന്നാണ്. കറുത്ത നിറത്തിലുള്ള ചരടുകളാണ് ഉപയോഗിക്കാറുള്ളത്. രാജസ്ഥാന്‍, ഒടീഷ , കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ചരടു പാവകള്‍ പ്രചാരത്തിലുണ്ട്. കേരളത്തില്‍ അര്‍വം കളി സംഘങ്ങളുണ്ട്. കളിപ്പിക്കുന്ന ആള്‍ എല്ലാ ചരടുകളും നേരിട്ടു കൈവിരലുകളില്‍ എടുത്താണ് കൈകാര്യം ചെയ്യുന്നത്. 

ആകര്‍ഷകമായ രംഗസജ്ജീകരണം, ദീപവിതാനം, പശ്ചാത്തല സംഗീതം എന്നിവ വഴി പാവകളിയുടെ രംഗാവതരണത്തെ പൊലിപ്പിക്കാറുണ്ട്. ഒരോ പാവയുടേയും സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പറ്റിയ വിധത്തലാണ് വേദി ഒരുക്കാറ്.  വേഷത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാനുണ്ട്. സ്വഭാവത്തിനനുസരിച്ചാണ് വേഷവും, വേഷങ്ങളുടെ നിറവുംപാവകളിയില്‍ ശബ്ദവും ഉപയോഗിക്കാറുണ്ട്. നിയന്ത്രിക്കുന്ന ആള്‍ സന്ദര്‍ഭത്തിനനുസരിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പഴയ പതിവ്.