കേരളീയ തനതു വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമാണ് പത്മനാഭപുരം കൊട്ടാരം. കേരളസര്‍ക്കാരിന്റെ പുരാവസ്തുവകുപ്പാണ് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കി നടത്തുന്നത്. തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍നിന്നു 2 കി. മീ. മാറിയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു. പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നിവയുള്‍പ്പെടുന്ന പൂമുഖമാളികയ്ക്ക് ത്രികോണാകൃതിയിലുള്ള കമാനമുണ്ട്.
കേരളത്തിന്റെ സാംസ്കാരിക തനിമ നമ്മുടെ വാസ്തു വിദ്യയിലും പ്രകടമാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായും ഒരു ചരിത്രാത്ഭുതവുമായി ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്ന കെട്ടിട സമുച്ചയമണ് പത്മനാഭപുരം കൊട്ടാരം. നാഗരികതയുടെ തിരക്കുകളില്‍ നിന്നകന്ന് കന്യാകുമാരിക്കടുത്ത് തക്കലയെന്ന ഒരു ചെറുദേശത്താണ് കേരളീയ വാസ്തുവിദ്യയുടെ മികവായ ഈ കൊട്ടാരം രാജകീയ പ്രൗഢിയില്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്ന് 64 കിലോമീറ്റര്‍ മാത്രം അകലെയാണ് തക്കല.
മുന്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. വേണാടിന്റെ ഭരണാധികാരിയായിരുന്ന ഇരവിവര്‍മ്മ കുലശേഖ പെരുമാള്‍ ക്രിസ്തുവര്‍ഷം 1601 ല്‍ നിര്‍മ്മിച്ചതായും പിന്നീട് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പുതുക്കുപ്പണിയുകയും ചെയ്തതാണ് പത്മനാഭപുരം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരിയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും കേരള സര്‍ക്കാരിന്റെ വകയാണ് പത്മനാഭപുരം കൊട്ടാരം. ഈട്ടിത്തടിയില്‍ നിര്‍വ്വഹിച്ചിട്ടുള്ള സങ്കീര്‍ണ്ണമായ കൊത്തുപണികളും മനോഹര ശില്പങ്ങളും ചുമര്‍ചിത്രങ്ങളും കൊട്ടാരത്തിലെ വിസ്മയങ്ങള്‍ തന്നെയാണ്. പുരാതനകാലത്തെ ചീനഭരണികളും ഗൃഹോപകരണങ്ങളും പിച്ചളവിളക്കുകളുമൊക്കെ കൊണ്ട് അലംകൃതമായ വലിയമുറികളും, അതിവിശാലമായ മണ്ഡപങ്ങളും മൂന്നറുവര്ഷം പഴക്കമുള്ള വസ്ത്രഗാരങ്ങളുമൊക്കെ ഈ കൊട്ടാരത്തിന് അജ്ഞേയമായൊരു പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നുണ്ട്.
പത്മനാഭപുരം കൊട്ടാരത്തിന്റെ മറ്റൊരു സവിശേഷത ഇവിടത്തെ കറുത്തിരുണ്ട് മിനുസമേറിയ തറയാണ്. മുട്ട, കരുപ്പുകട്ടി, ചുണ്ണാമ്പ്, ചിരട്ടക്കരി, ആറ്റുമണല്‍ എന്നിവയുടെ അപൂര്വ്വമിശ്രിതമാണ് നിലം തീര്ക്കുന്നതിനുപയോഗിച്ചിട്ടുള്ളത്. ആപല്‍ഘട്ടങ്ങളില്‍ കൊട്ടാരത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് രഹസ്യമാര്‍ഗ്ഗങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പഴയൊരു കുളം, സരസ്വതിക്ഷേത്രം, ഔഷധഗുണമുള്ള അപൂര്വ്വമരങ്ങള് കൊണ്ടു നിര്‍മ്മിച്ച കട്ടില് എന്നിങ്ങനെ വേറെയും കൗതുകങ്ങളുണ്ട് ഇവിടെ. പരമ്പരാഗതമായ വാസ്തുവിദ്യയുടെ മഹത്വവും നാടിന്റെ പ്രൗഢഗംഭീരമായ പൂര്‍വ്വകാലചരിത്രവും ഒരേ സമയം അനുഭവിച്ചറിയാനുള്ള അവസരമാണ് സന്ദര്‍ശകര്‍ക്ക് പത്മനാഭപുരം കൊട്ടാരം നല്‍കുന്നത്.
പൂമുഖത്തിന്റെ മുകളിലത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. മഹാരാജാവ് ഭരണപരമായ തീരുമാനങ്ങള്‍ ഇവിടെ വച്ചാണ് എടുത്തിരുന്നത്. ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്ക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ ജനാലകളില്‍ വിവിധവര്‍ണ്ണങ്ങളിലുള്ള അഭ്രപാളികള്‍ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയില്‍ പണിതിട്ടുള്ള ഇരിപ്പിടങ്ങള്‍ കൊത്തുപണികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
മന്ത്രശാലയുടെ വടക്കുഭാഗത്ത് മണിമാളിക. സമയമറിയാനാണ് ഈ സംവിധാനം. മണിമാളികയുടെ മുന്‍വശത്ത് കമനീയമായ മുഖപ്പ്. ഉയരമുള്ള മണിമാളികയില് ഭാരത്തിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു ലോഹപ്പണിക്കാരനാണ് നിര്‍മ്മിച്ചത്. മണിനാദം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാം. വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 'L' ആകൃതിയിലുള്ള ഇരുനില കെട്ടിടം. പള്ളിയറയും, കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഇവിടെയുണ്ട്.
പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ് ദര്‍ഭക്കുളങ്ങര കൊട്ടാരം എന്നു പേരുള്ള തായ് കൊട്ടാരം. 1592 മുതല്‍ 1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവര്‍മ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തില്‍ മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിന് തടിയില്‍ നിര്‍മ്മിച്ച കന്നിത്തൂണുണ്ട്. ഒറ്റത്തടിയില്‍ കൊത്തിയിരിക്കുന്ന ശില്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പവൈഭവം വിളിച്ചോതുന്നു.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍ | 35.00 രൂപ |
മുതിര്‍ന്നവര്‍ (വിദേശി) | 350.00 രൂപ |
കുട്ടികള്‍ (5-12 വയസ്സ്) | 10.00 രൂപ |
കുട്ടികള്‍ (വിദേശി) | 100.00 രൂപ |
ക്യാമറ | 50.00 രൂപ |
വീഡിയോ ക്യാമറ | 2500 രൂപ |