ചിത്രകലകേരളത്തില്‍ മനുഷ്യവാസം തുടങ്ങിയതു മുതല്‍ ഇവിടത്തെ ചിത്രകലാപാരമ്പര്യത്തിനും തുടക്കമായി. ഇതിനു തെളിവാണ് പ്രാചീന ഗുഹകളിലെ കൊത്തുചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങളും. ആരാധനാലയങ്ങളിലാണ് പ്രധാനപ്പെട്ട ചുവര്‍ച്ചിത്രങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിയുന്നത്. ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച് നിലത്തു വരയ്ക്കുന്ന രീതിയെ കളമെഴുത്ത് എന്നാണു പറയുന്നത്. ഇന്നും അനുഷ്ഠാനങ്ങളില്‍ പ്രധാനമായ ഈ രീതി പല ക്ഷേത്രങ്ങളിലും കണ്ടുവരുന്നു. പ്രാചീന ശില്പകലയുടെ മികവു തെളിഞ്ഞുകാണുന്നത് ദാരുശില്പങ്ങളിലും, വിഗ്രഹങ്ങളിലും വിളക്കുകള്‍, പാത്രങ്ങള്‍ എന്നിവയിലുമാണ്. ക്ഷേത്രങ്ങളോടൊപ്പം തന്നെ ചില പഴയ ക്രൈസ്തവ ദേവാലയങ്ങളിലും ഈ പ്രാചീന ശില്പ വൈദഗ്ദ്ധ്യം കാണാം. ചുവര്‍ചിത്രങ്ങളോടൊപ്പം കളമെഴുത്ത്, കോലമെഴുത്ത്, മുഖാവരണങ്ങള്‍, മുഖത്തെഴുത്ത് എന്നിവയും കേരളീയ ചിത്രകലയുടെ പ്രാചീനരൂപങ്ങളാണ്.