പളിയനൃത്തം

ആദിവാസികളായ പളിയരുടെ പരമ്പരാഗത നൃത്തരൂപമാണ് പളിയനൃത്തം. ഇടുക്കി ജില്ലയിലെ കുമളിയിലും പരിസരപ്രദേശങ്ങളിലുമാണ് ഈ ആദിവാസി വിഭാഗം താമസിക്കുന്നത്. ഇവരുടെ ആരാധനാമൂര്‍ത്തിയാണ് ഏഴാത്ത് പളിച്ചി. പളിയക്കുടിയയിലെ പ്രധാന ദേവതയാണ് മാരിയമ്മ. മാരിയമ്മ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായാണ് പളിയ നൃത്തം അവതരിപ്പിക്കുന്നത്. 

ആകര്‍ഷകങ്ങളായ ആഭരണങ്ങളും വസ്ത്രങ്ങളും പളിയനൃത്തത്തിന്റെ പ്രത്യേകതയാണ്. അണിയുന്ന കുപ്പായം ഇഞ്ച കൊണ്ടാണ് ഉണ്ടാക്കുന്നത്. തൊപ്പിമരം ചതച്ചിട്ടാണ് ഉടുപ്പായി ഉപയോഗിക്കുന്നത്. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറം ഉണ്ടാക്കുന്നത് കാട്ടില്‍ ലഭിക്കുന്ന 'രാമക്കല്ല' എന്ന ഒരുതരം കല്ല് ഉരച്ചെടുത്താണ്. തേക്കിന്റെ ഇല പിഴിഞ്ഞെടുത്ത ചാറുകൊണ്ടാണ് ചുവന്ന നിറം ഉണ്ടാക്കുന്നത്. പാട്ടിനൊപ്പം മുളംചെണ്ട, നഗാര, ഉടുക്ക്, ഉറുമി, ജാലറ, ജലങ്ക തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യങ്ങളായി ഉപയോഗിക്കുന്നത്.