ഉത്രാടം തിരുനാള്‍ പമ്പ വളളം കളി

കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ മുഖചിത്രമാണ്‌ ജലോത്സവങ്ങള്‍. മോക്ഷദായനിയായ ദക്ഷിണഗംഗയെ ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും പെരുമയില്‍ ആറാടികുന്ന മാമാങ്കമാണ്‌ ഉത്രാടം തിരുനാള്‍ പമ്പ വളളം കളി. ഒന്നാം ഓണമായ ഉത്രാടംനാളില്‍ നീരേറ്റുപുറം പമ്പ നദിയിലാണ്‌ വള്ളംകളിയരങ്ങേറുക. ചുണ്ടന്‍ വള്ളങ്ങള്‍ക്കു പുറമെ മറ്റനേകം വള്ളങ്ങളും മഹത്തായ പമ്പ നദിയില്‍ ദൃശ്യ വിസ്‌മയതീര്‍ക്കാനായി എത്തിച്ചേരുന്നു. ഉത്സവപ്രേമികളെയും കായികപ്രേമികളെയും ഒരുപോലെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കത്തക്ക വശ്യമാന്ത്രികതയുണ്ട്‌ നീരേറ്റുപുറം ജലോത്സവത്തിന്‌.

ചിറ്റോളങ്ങള്‍ക്കുമീതെ ചാട്ടുളിപോലെ പായുന്ന പ്രൗഢിയാര്‌ന്ന ചുണ്ടന്‍ വള്ളങ്ങളും കാഴ്‌ചക്കാരെ ആവശേഷത്തിമിര്‍പ്പില്‍ ആറാടിക്കുന്ന വഞ്ചിപ്പാട്ടുകളും പമ്പയെ അത്യാകര്‌ഷകമാക്കുന്നു. 1000ത്തില്‍ അധികം വള്ളക്കാര്‍ പങ്കെടുക്കുന്ന നീരേറ്റുപുറം പമ്പാ വള്ളംകളി വിജയികള്‍ക്ക്‌ മാമന്‍ മാപ്പിള ട്രോഫിയാണ്‌ സമ്മാനമായി നല്‌കിപ്പോരുന്നത്‌.

നീരേറ്റുപുറം ഗ്രാമത്തിന്റെ ആത്മാവും തുടിപ്പുമായാ ജലോത്സവം നിരവധി വിനോദസഞ്ചാരികളെയും ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു.