പഞ്ചാരിമേളംകേരളത്തിലെ ചെണ്ടമേളങ്ങളില്‍ മാതൃകാസ്ഥാനമാണ് പഞ്ചാരിയ്ക്ക്. പഞ്ചാരി ഗ്രഹിച്ചാല്‍ പാണ്ടിയൊഴികെയുളള മറ്റു മേളങ്ങളെല്ലാം അനായാസം പഠിക്കാം. എന്നാല്‍ മറ്റു മേളങ്ങളില്‍ നിന്ന് പഞ്ചാരിയെ വ്യത്യസ്തമാക്കുന്ന ഘടകം ഒരു കൈയിലേ കോല്‍ ഉപയോഗിക്കുന്നുളളൂ എന്നതാണ്. (തായമ്പകയ്ക്കും ഈ സവിശേഷതയുണ്ട്). ചിലയിടങ്ങളില്‍ രണ്ടു കൈകളിലും കോലുകള്‍ ഉപയോഗിച്ച് പഞ്ചാരികൊട്ടുന്ന രീതി അപൂര്‍വ്വമായെങ്കിലും നിലവിലുണ്ട്. വടക്കന്‍ ജില്ലകളിലാണ് ഈ സമ്പ്രദായമുളളത്.

ചെമ്പട താളത്തിന്റെ പൂര്‍ണ്ണമായതോ, ഭാഗികമായതോ ആയ രൂപങ്ങളെ  അഞ്ചുകാലത്തില്‍ കൊട്ടിക്കുകയാണ് പഞ്ചാരിയില്‍. ഓരോ കാലത്തിനും പ്രത്യേകഘട്ടങ്ങളുണ്ട്. ഓരോ ഘട്ടത്തിലും കലാശങ്ങളുമുണ്ട്. ഇടക്കലാശങ്ങള്‍ക്കു പോലുമുണ്ട് നാലു വ്യത്യസ്ത രീതികള്‍. ഓരോ കാലത്തിനും കലാശങ്ങളുണ്ട്. അതുപോലെ തന്നെ ഓരോ കാലത്തിനും  വിനിയോഗിക്കുന്ന സമയത്തിനും അനുപാതമുണ്ട്.