ശ്രീമതി പാറശ്ശാല പൊന്നമ്മാള്‍

കേരളത്തിലെ അതിപ്രഗത്ഭരായ സംഗീതജ്ഞരുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍ അതിലെ പ്രമുഖമായ ഒരു പേര് ശ്രീമതി പാറശ്ശാല പൊന്നമ്മാള്‍ എന്നായിരിക്കും. കര്‍ണ്ണാടക സംഗീതത്തിലെ ഇതിഹാസമായിരുന്ന ശ്രീമതി. എം. എസ്. സുബ്ബലക്ഷ്മിയുടെ അനശ്വര സംഗീതത്തിന്റെ മാസ്മര വലയത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അകപ്പെട്ടു പോയ പൊന്നമ്മാളിന് തന്നിലെ പ്രതിഭയെ ഒന്നു മിനുക്കിയെടുക്കാന്‍ അല്പകാലം മാത്രമേ വേണ്ടി വന്നുള്ളു.

1924-ല്‍ ജനിച്ച ശ്രീമതി. പൊന്നമ്മാളിനെ നന്നെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ചത് ശ്രീമാന്‍ പരമുപിള്ള ഭാഗവതരായിരുന്നു. ശ്രീമാന്‍ രാമസ്വാമി ഭാഗവതരുടെ ശിക്ഷണം കൂടി ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച പൊന്നമ്മാളിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകളെ സംഗീത ലോകത്തു തന്നെ തുടരുവാന്‍ അനുവദിക്കുകയാണുണ്ടായത്. 1952 -ല്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ അദ്ധ്യാപികയായി ചേരുമ്പോള്‍ ആ പദവിയിലെ പ്രഥമ വനിത എന്ന യശസ്സിനും കൂടി അവര്‍ അര്‍ഹയാവുകയായിരുന്നു. തുടര്‍ന്ന് ആര്‍. എല്‍. വി. കോളേജ് ഓഫ് മ്യൂസിക് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്സില്‍ പ്രിന്‍സിപ്പലായി. 1980-ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെയും ആ പദവിയില്‍ തുടര്‍ന്നു.

തിരുവനന്തപുരം ആകാശവാണിയുടെ ആരംഭകാലം മുതല്‍ക്കു തന്നെ 'A' ഗ്രേഡ്  ആര്‍ട്ടിസ്റ്റായ ശ്രീമതി പൊന്നമ്മാളുടെ കച്ചേരികള്‍ നിരവധി തവണ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്.

ഗുരുവായു പുരേശ സുപ്രഭാതം, തൃശ്ശിവ പുരേശ സുപ്രഭാതം, ഉത്സവ പ്രബന്ധം, നവരാത്രി കൃതി, മീനാംബികാ സ്തോത്രം, ഇരയിമ്മന്‍ തമ്പിയുടെയും കെ. സി. കേശവപിള്ളയുടെയും കൃതികള്‍ തുടങ്ങിയവയുടെ അനശ്വരങ്ങളായ സംഗീതാവിഷ്കാരങ്ങള്‍ ശ്രീമതി പാറശ്ശാല പൊന്നമ്മയെന്ന അതുല്യ പ്രതിഭയുടെ മാറ്റുരച്ചു കാട്ടുന്നവയാണ്.

ഈ സംഗീതജ്ഞയെ തേടിയെത്തിയ അസംഖ്യം പുരസ്കാരങ്ങളും അംഗീകാരങ്ങളും അവരുടെ സര്‍ഗ്ഗ പ്രതിഭയുടെ ഔന്നത്യത്തെ വിളിച്ചോതുന്നവയാണ്. 1965-ല്‍ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാഗമായ കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയില്‍ നിന്നേറ്റു വാങ്ങിയ 'ഗായക രത്നം' പട്ടം ഇതില്‍ എടുത്തു പറയേണ്ട ഒന്ന്. 1977-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡിനും അവര്‍ അര്‍ഹയായിട്ടുണ്ട്.

177 വര്‍ഷങ്ങളായി മുടക്കമില്ലാതെ തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തില്‍ അരങ്ങേറുന്ന സംഗീതോത്സവത്തില്‍ പാടുവാന്‍ ഭാഗ്യം ലഭിച്ച ആദ്യ വനിത എന്ന ബഹുമതിയും ശ്രീമതി പാറശ്ശാല പൊന്നമ്മാളിനു സ്വന്തം.

തന്റെ തപസ്യയില്‍ ഏഴു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ ഈ മഹതി ക്ലാസ്സിക്കല്‍ സംഗീത രംഗത്തെ ചുരുക്കം ചില അസാധാരണ വ്യക്തിത്വങ്ങളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാവുന്നതാണ്. താന്‍ തെരഞ്ഞെടുത്ത പാതയില്‍ അര്‍പ്പണ ബോധത്തോടെ അക്ഷീണ സഞ്ചരിക്കുന്ന ഈ മഹാ പ്രതിഭ പുതു തലമുറയ്ക്ക് വലിയൊരു പ്രചോദന കേന്ദ്രമായിരിക്കും.