പരിചക്കളിയും പരിചമുട്ടുകളിയും

പരിചമുട്ടുകളിയുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ ലോകത്ത് പല പ്രദേശങ്ങളിലും പ്രചാരത്തിലുണ്ട്. കളരി സംസ്കാരവുമായി അഭേദ്യബന്ധമാണ് കേരളത്തിലെ കലാരൂപങ്ങള്‍ക്കുള്ളത്. കളരിയുടേയും കലയുടേയും സമന്വയത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന കലാരൂപങ്ങളാണ് പരിചക്കളിയും പരിച മുട്ടുകളിയും. കേരളത്തിലെ പല പ്രദേശങ്ങളിലും ഈ കളിക്ക് പ്രചാരമുണ്ട്.  

പരിചയും വാളും ഉപയോഗിച്ചാണ് കളി അവതരിപ്പിക്കുന്നത്. പരിച തടി കൊണ്ടും തുകല്‍ കൊണ്ടും ഉണ്ടാക്കുന്നു. കമുകിന്റെ അലക് കൊണ്ടാണ് വാളുണ്ടാക്കുന്നത്. ഒരു കയ്യില്‍ വാളും മറ്റേ കയ്യില്‍ പരിചയും ഉണ്ടാകും. ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും കളി അവതരിപ്പിക്കാറുണ്ട്. തെക്കന്‍ കേരളത്തില്‍ പുലയരുടേയും ചെറുമരുടേയും ഇടയിലാണ് പ്രചാരം. 'വട്ടക്കളി' എന്ന പേരില്‍ പാലക്കാട് ജില്ലയില്‍ ഈ കളി അവതരിപ്പിക്കുന്നത് വടുകരാണ്. ഉത്തരകേരളത്തിലെ കടലോര മേഖലയില്‍ അരയര്‍ക്കിടയിലാണ് പരിചക്കളിക്ക് പ്രചാരം.  

പത്തോളം പേരടങ്ങുന്ന ചെറു സംഘങ്ങളാണ് കളിക്കാനിറങ്ങുന്നത്. നിലവിളക്കിന് ചുറ്റും നിന്നാണ് കളിക്കുന്നത്. കളിക്കാര്‍ കച്ച കെട്ടും. തലയില്‍ തേര്‍ത്ത് മുണ്ട് ചുറ്റി കെട്ടുന്ന പതിവുമുണ്ട്.  ആശാന്‍ വായ്ത്താരി പറഞ്ഞുകൊണ്ട് കൂടെയുണ്ടാകും. അഭ്യാസ പ്രകടനങ്ങളോടെയാണ് കളി. താളാനുസൃതമായ പാട്ടുകളും ചുവടുകളും കളിയിലുണ്ട്. 

ഇലത്താളം, കൈത്താളം എന്നിവ താളത്തിന് ഉപയോഗിക്കും. പാട്ടിന്‍റേയും വായ്ത്താരിയുടേയും താളത്തിനനുസരിച്ചാണ് കളിക്കുന്നത്. പുരാണകഥകളെ പ്രമേയമാക്കിയ പാട്ടുകളാണ് പാടുന്നത്. ഗണപതി വന്ദനത്തോടെ തുടങ്ങുന്ന കളി സരസ്വതി വന്ദനത്തോടെ സമാപിക്കും.

പരിചമുട്ടുകളി ക്രിസ്ത്യാനികളുടെ ഇടയില്‍: 
പരിചമുട്ടുകളിക്ക് ക്രിസ്ത്യാനികളുടെ ഇടയില്‍ അഞ്ച് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി പറയപ്പെടുന്നു. വിവിധ ക്രിസ്ത്യാനി വിഭാഗങ്ങള്‍ക്കിടയില്‍ - ക്നാനായ, സുറിയാനി (സീറോ മലബാര്‍), യാക്കോബായ, മലങ്കര, മാര്‍ത്തോമ, ലത്തീന്‍, ദളിത്-ക്രൈസ്തവര്‍ വിവിധ രീതിയിലുള്ള കളി നിലനിന്നിതായി കാണാം. 

കളരിപ്പയറ്റിലെ ചുവടുകളോട് സമാനമായ ചുവടുകളാണ് പരിചമുട്ടുകളിയിലുള്ളത്. ചുവടുകളും മുട്ടുകളും മെയ്യഭ്യാസവും ചേര്‍ന്ന കളിയാണിത്. പരിചകൊണ്ട് വാളിലും മറ്റുള്ളവരുടെ പരിചയിലും സ്വശരീര ഭാഗത്തും മുട്ടിക്കളിക്കും. 

ക്രിസ്ത്യാനികള്‍ പള്ളി പെരുന്നാള്‍ തുടങ്ങിയ അവസരങ്ങളിലാണ് കളി അവതരിപ്പിക്കുന്നത്. ക്രിസ്തുചരിതവുമായി ബന്ധപ്പെട്ട കഥകളാണ് പ്രമേയം.  

മുസ്ലിംകളുടെ കളിയില്‍ മാപ്പിളപ്പാട്ടുകളാണ് ഉപയോഗിക്കാറ്.