മദ്ധ്യതിരുവിതാംറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ നടത്തിവരാറുള്ള അനുഷ്ഠാന കലാരൂപമാണ് പടയണി. പടേനി എന്നും പറയും. ദാരികനെ വധിച്ചിട്ടും കോപം തീരാതിരുന്ന കാളിയെ ശമിപ്പിക്കാന്‍ ശിവനിര്‍ദ്ദേശത്താല്‍ ഭൂതഗണങ്ങള്‍ കോലം കെട്ടി തുള്ളിയതിന്റെ സ്മരണയാണ് ഈ കലാരൂപമെന്നാണ് ഐതിഹ്യം. പടയണിക്ക് കാര്‍ഷിക വൃത്തിയുമായും ബന്ധമുണ്ടെന്ന് ഇതിലെ പല അനുഷ്ഠാനങ്ങളും തെളിയിക്കുന്നു. വിളവെടുപ്പുമായി ബന്ധമുള്ള പടയണിയെ ഒരു ഉര്വരതാനുഷ്ഠാനമായും കാണാവുന്നതാണ്. ദക്ഷിണകേരളത്തില്‍, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ കടമ്മനിട്ട, ഓതറ തുടങ്ങിയ ഭഗവതീക്ഷേത്രങ്ങളില്‍ ഇന്നും പടയണി പതിവുണ്ട്.
പടയണിയുള്ള വിവരം അറിയിച്ചുകൊണ്ടുള്ള കാച്ചിക്കൊട്ടാണ് പ്രധാന ചടങ്ങ്. തപ്പു കെട്ടുന്നതോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. പടയണിയുള്ള വിവരം ദേശവാസികളെ തപ്പുകൊട്ടി അറിയിക്കുന്ന ചടങ്ങാണത്. തുടര്‍ന്നു കാപ്പൊലി. ഇലകളോടുകൂടിയ മരച്ചില്ലയോ, വെള്ളത്തോര്ത്തോ വീശി ആര്‍ത്തുവിളിച്ച് താളം ചവിട്ടുന്നതാണത്. തുടര്‍ന്നു കൈമണിയുമായി താളം തുള്ളും. ഇതാണ് താവടിതുള്ളല്‍. താവടിതുള്ളലിന് ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും. ഹാസ്യാനുകരണമായി പന്നത്താവടി നടത്താറുണ്ട്. പാളകൊണ്ടുണ്ടാക്കിയ വാദ്യോപകരണങ്ങളാണ് അതിനുപയോഗിക്കുന്നത്. വെളിച്ചപ്പാട്, പരദേശി തുടങ്ങിയ ഹാസ്യാനുകരണങ്ങളും കാണും.
തപ്പാണ് പ്രധാനവാദ്യം. ചെണ്ടയും കൈമണിയും ഉപയോഗിക്കാറുണ്ട്. തീവെട്ടികളുടെയും ഓലച്ചൂട്ടുകളുടെയും വെളിച്ചത്തിലാണു കോലങ്ങള്‍ തുള്ളുന്നത്. ഗണപതിക്കോലം, യക്ഷിക്കോലം, പക്ഷിക്കോലം, മാടന്‍കോലം, കാലന്‍കോലം, മറുതക്കോലം, പിശാചുകോലം, ഭൈരവിക്കോലം, ഗന്ധര്‍വ്വന്‍കോലം തുടങ്ങിയ കോലങ്ങള്‍ തലയില്‍വച്ച് തുള്ളും. പാട്ടുപാടും. പച്ചപ്പാളയില്‍ കോലമെഴുതി മുഖത്തു കെട്ടും. പാളകൊണ്ടുള്ള മുടിയിലും കോലങ്ങള്‍ ചിത്രീകരിക്കും.
കാഴ്ചയില്‍ ഭീകരമായിരിക്കും കോലങ്ങള്‍. കരി, ചെങ്കല്ല്, മഞ്ഞള്‍ തുടങ്ങിയവകൊണ്ടാണ് കോലം എഴുതുന്നത്. കാലന്‍കോലം തുള്ളുമ്പോള്‍ കൈയില്‍ വാളും പന്തവുമെടുത്തിരിക്കും. നൂറ്റൊന്നുപാള കൊണ്ടുണ്ടാക്കുന്ന ഭൈരവിക്കോലമാണ് തലയിലേറ്റി തുള്ളുന്ന ഏറ്റവും വലിയ കോലം.