പട്ടാഴിചെമ്പോലക്കരണം

കൊട്ടാരക്കര താലൂക്കിലെ പട്ടാഴി ഭഗവതിക്ഷേത്രത്തില്‍നിന്നു ലഭിച്ച എ.ഡി. 1796 (കൊല്ലവര്‍ഷം 971) ലെ താമ്രലിഖിതം. ക്ഷേത്രത്തിന്റെ വസ്തുവകകളുടെ മേല്‍നോട്ടം വഹിച്ചിരുന്ന കാമ്പിത്താന്റെ അധികാരത്തെ വകവയ്ക്കാത്ത കരക്കാര്‍ക്ക് അകവൂര്‍ നമ്പൂതിരിപ്പാട് നൂറുരാശി പ്രായശ്ചിത്തം വിധിക്കുന്നതാണ് ഉള്ളടക്കം. 18-ാം ശതകത്തില്‍ ക്ഷേത്രഭരണകാര്യങ്ങളില്‍ ഊരാളരും കാരാളരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഈ ലിഖിതത്തില്‍നിന്നു മനസ്സിലാക്കാം.