മലബാറിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ ഒരദ്ധ്യായമാണ് പഴശ്ശിരാജാവിന്റെ ചരിത്രം. കേരളവര്‍മ്മ പഴശ്ശിരാജാ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലെ കുടീരം സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 1996 മാര്‍ച്ച് മാസത്തില്‍ ഒരു മ്യൂസിയമായി അത് മാറ്റുകയും ചെയ്തു. വളരെ വിപുലമായ പുരാവസ്തു ശേഖരത്തോടുകൂടി പുതിയ ഒരു മ്യൂസിയം ഇവിടെ 2008-ല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ചരിത്രകാരന്മാരേയും ഗവേഷണ വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കുന്ന രീതിയില്‍ മ്യൂസിയം ഇന്ന് വികസിച്ചു കഴിഞ്ഞു. മാനന്തവാടി നഗരമധ്യത്തില്‍ പ്രകൃതിരമണീയമായ സ്ഥലത്താണ് കുടീരം. കബനീ നദി കുടീരത്തിന്റെ താഴ്‌വാരത്തുകൂടെ ഒഴുകുന്നു. മ്യൂസിയം പരിസരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരു ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.
പഴശ്ശികുടീരം മ്യൂസിയത്തില്‍ നാല് ഗ്യാലറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിവയാണവ. പഴശ്ശി കലാപം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളുടേയും കത്തിടപാടുകളുടേയും പകര്‍പ്പുകള്‍, പുരാതന ആയുധങ്ങള്‍, വീരക്കല്ലുകള്‍, പ്രാചീന ഗോത്ര സംസ്കൃതിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍, വനവാസികളുടെ ഗൃഹോപകരണങ്ങള്‍, ആയുധങ്ങള്‍, അപൂര്‍വ്വ നാണയങ്ങള്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍ | 10.00 രൂപ |
കുട്ടികള്‍ (5-12 വയസ്സ്) | 05.00 രൂപ |
ക്യാമറ | 25.00 രൂപ |
വീഡിയോ ക്യാമറ | 150.00 രൂപ |