കോഴിക്കോട് ഈസ്റ്റ്ഹില്‍ ബംഗ്ലാവില്‍ 1975 ല്‍ ആണ് പഴശ്ശിരാജ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്. ഈ മ്യൂസിയത്തില്‍ പ്രധാനമായും മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളായ നന്നങ്ങാടികളും, പുരാതന ശിലാവിഗ്രഹങ്ങള്‍, നാണയങ്ങള്‍, ക്ഷേത്രാവശിഷ്ടങ്ങള്‍, ക്ഷേത്രമാതൃകകള്‍, പല്ലക്ക്, വീരക്കല്ലുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാര്‍ കലക്ടറായിരുന്ന തോമസ് ഹാര്‍വി ബാബറിന്റെ മേല്‍നോട്ടത്തില്‍ 1812 - ലാണ് ഈസ്റ്റ് ഹില്‍ ബംഗ്ലാവ് പണിതീര്‍ത്തത്. ബ്രിട്ടീഷ് കലക്ടര്‍മാരും തുടര്‍ന്ന് സ്വാതന്ത്ര്യാനന്തരം 1970 വരെയുള്ള കോഴിക്കോട് കലക്ടര്‍മാരും ഇവിടെയാണ് താമസിച്ചിരുന്നത്. ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയും വേദിയുമാണ് ഈ കെട്ടിടം. മലബാര്‍ കലക്ടറായിരുന്ന എച്ച്.വി.കനോലി 1855 സെപ്റ്റംബര്‍ 11 ന് വധിക്കപ്പെട്ടത് ഈ ബംഗ്ലാവിന് സമീപത്തുവെച്ചാണ്. വില്ല്യം ലോഗന്‍ തന്റെ പ്രസിദ്ധമായ മലബാര്‍ മാന്വല്‍ രചിച്ചതും ഈ കെട്ടിടത്തില്‍ വെച്ചു തന്നെ.
പത്ത് ഗ്യാലറികളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ വിശാലമായ നിലവറയിലാണ് വിഗ്രഹ ഗ്യാലറി സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര മാതൃകാ ഗ്യാലറി, മഹാശിലായുഗ ഗ്യാലറി, ശിലാശില്പ ഗ്യാലറി, ലോഹവിഗ്രഹ ഗ്യാലറി, നാണയ വിഭാഗം, പുരാലിഖിത വിഭാഗം, ആയുധ വിഭാഗം, രാജകീയ വിഭാഗം, വീരക്കല്‍ ഗ്യാലറി, പുരാവസ്തു മാതൃകാ ഗ്യാലറി എന്നിങ്ങനെയാണ് ഗ്യാലറികളുടെ വിന്യാസം.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍ | 20.00 രൂപ |
കുട്ടികള്‍ (5-12 വയസ്സ്) | 05.00 രൂപ |
ക്യാമറ | 50.00 രൂപ |
വീഡിയോ ക്യാമറ | 500.00 രൂപ |