അവതരണകലകള്‍


 

അവതരണത്തിനൊപ്പം മനുഷ്യജീവിതവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നവയാണ് കേരളത്തിന്റെ അവതരണകലാ സംസ്കാരം. സാംസ്കാരിക തനിമയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നവയാണ് കേരളത്തിലെ മിക്ക കലാരൂപങ്ങളും, ഈ കലാരൂപങ്ങളെല്ലാം തന്നെ കേരളത്തിന്റെ സാംസ്കാരിക വൈഭവത്തിന്റെ മുതല്‍ക്കൂട്ടുകളാണ്. 

കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകത്തെ വിവിധ വിഭാഗങ്ങളായി തിരിച്ച് ലഘുവിവരണങ്ങളോടെ പരിചയപ്പെടുത്തുകയാണിവിടെ. പ്രാചീന ഭാരതത്തില്‍ പ്രചരിച്ചിരുന്ന സംസ്കൃത നാടകാഭിനയത്തിന്റെ കേരളീയ രൂപമായ കൂടിയാട്ടം മുതല്‍ കഥകളിയും കേരളനടനവും വരെയുള്ള വിവിധ ശാസ്ത്രീയകലകള്‍. ചാണകം മെഴുകിയ തറയില്‍ പലവര്‍ണ്ണങ്ങളിലുള്ള ധൂളികള്‍ കൊണ്ടു രചിക്കുന്ന കളമെഴുത്തും, സര്‍പ്പംതുള്ളലും, തെയ്യവും പോലെയുള്ള അനുഷ്ഠാന കലകളുമൊക്കെ അവയുടെ ചൈതന്യം ഒട്ടും ചോര്‍ന്നു പോകാതെ ഇന്നും ഈ മണ്ണില്‍ കാത്തു സൂക്ഷിക്കപ്പെടുന്നുണ്ട് പ്രാചീന കേരളത്തിന്റെ വീരപുളകമുണര്‍ത്തുന്ന അനുഷ്ഠാനകലയായ വേലകളി പോലും ഗതകാല ജനതയുടെ യുദ്ധതല്പരതയുടെ സ്മരണകളുണര്‍ത്തികൊണ്ട് ഇന്നും അഭംഗുരം നിലനിന്നു പോരുന്നു. കലയുടെ പരിഷ്കൃത ചിട്ടവട്ടങ്ങള്‍ക്ക് വിധേയമെന്നു തോന്നാമെങ്കിലും മണ്ണിന്റെ മണവും പ്രകൃതിയുടെ പ്രാക്തനഭാവവും ദ്യോതിപ്പിക്കുന്ന ആദിവാസികലകളും നാടകലകളും കൂടി ചേരൂമ്പോഴേ കേരളീയ കലകളുടെ കാലാതീതമായ ഈ തുടര്‍ച്ച അനുവാചകനു ദര്‍ശിക്കാനാവൂ.