പെരുന്ന ലിഖിതങ്ങള്‍

പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍. കുലശേഖരപ്പെരുമാളായ ഭാസ്കരരവിവര്‍മയുടെ കാലത്തേതാണ് ലിഖിതങ്ങളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീ കോവിലിനു താഴെയുള്ള ആദ്യലിഖിതത്തില്‍ 'പെരുനെയ്തലൂര്‍' എന്നും മറ്റൊന്നില്‍ 'പെരുനെയ്തല്‍' എന്നുമാണ് പെരുന്നയെ പരാമര്‍ശിക്കുന്നത്. സംഘകാലത്ത് നെയ്തല്‍ ഊര്‍ (കടല്‍ത്തീരപ്രദേശം) ആയിരുന്നു ഇവിടമെന്നു കരുതണം. ഇതിനടുത്തുള്ള തിരുപ്പെരുന്തുറ പണ്ട് തുറമുഖമായിരുന്നത്രെ. നന്‍റുഴൈനാട്ടിലെ നാടുവാഴി, കീഴ്ക്കുളങ്ങരസഭ എന്നിവയെക്കുറിച്ച് ഒന്നാം ലിഖിതത്തില്‍ പരാമര്‍ശമുണ്ട്.

എ.ഡി. 1016 ഏപ്രിലിലോ മേയിലോ രചിക്കപ്പെട്ടതാണ് രണ്ടാമത്തെ ലിഖിതം. രാജകല്പനപ്രകാരം രാജാവിന്റെ പ്രതിനിധികളായി സൊറ വെള്ളൂരിലെ ഇരവികണ്ണനും കുമാരനാരായണനും കൊത്തിവച്ചതാണീ ശാസനം. പാട്ടക്കാര്‍ പാട്ടവ്യവസ്ഥയില്‍ പറഞ്ഞ 80 കലം നെല്ലല്ലാതെ മറ്റു പണമൊന്നും കൊടുക്കേണ്ടെന്ന രാജശാസനമാണിത്. പെരുനെയ്ക്കല്‍ ഗ്രാമക്കാരും പൊതുവാളും പറടിയാരും ചേര്‍ന്ന് രാജാവിനോട് നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ കല്പനയുണ്ടായത്.