കവിത

മലയാള കവിതയുടെ തുടക്കം ഒരു പക്ഷേ തൊഴിലും ഭക്തിയും മറ്റുമായി ബന്ധപ്പെട്ട സാധാരണജനങ്ങളുടെ നാടന്‍ ശീലുകളായിട്ടാകാം. മലയാളത്തിലെ നാടന്‍പാട്ടുകളുടെ പ്രാചീനത ഇന്നും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഉത്പത്തികാലത്തിനുവളരെ പിന്‍പുമാത്രം എഴുതി സൂക്ഷിക്കപ്പെട്ടിരിക്കാവുന്ന നാടന്‍പാട്ടുകളില്‍നിന്ന് അവയുടെ ഉത്പത്തിക്കാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്താന്‍ നിവൃത്തിയില്ല. നമുക്കു കിട്ടിയവയില്‍ വച്ച് ഏറ്റവും പഴയ നാടന്‍പാട്ടുകള്‍ പോലും നമ്മുടെ പ്രാചീനഗാനസാഹിത്യത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നുണ്ടാവില്ല എന്നിരിക്കെ അവയെ ഭാഷാവികാസപഠനത്തിന് വിശ്വാസ്യമായ ഉപദാനങ്ങളായി കണക്കാക്കാമോ എന്നു സംശയിക്കണം. പാട്ട്, മണിപ്രവാളം എന്നിവയിലുണ്ടായ കൃതികളില്‍ നിന്നാണ് മലയാളകവിതയുടെ ഉദ്ഭവം ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്.