പൂരക്കളി



കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് പൂരക്കളി.  മീന മാസത്തില്‍ അത്യുത്തര കേരളത്തിലെ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും ആഘോഷിച്ചു വരുന്ന പൂരോത്സവത്തോടനുബന്ധിച്ചാണ് പൂരക്കളിയുടെ അവതരണം. ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട് ഈ അനുഷ്ഠാന കലയ്ക്ക്.  മീനമാസത്തിലെ പൂരം നാളില്‍ സമാപിക്കുന്ന തരത്തില്‍ ഒന്‍പതു ദിവസങ്ങളിലായി ആടിപ്പാടി കളിക്കുന്ന അനുഷ്ഠാനകല. ആദ്യം വനിതകളുടെ കളിയായിരുന്ന ഇത്. ഇന്ന് പുരുഷന്‍മാരുടെ കലാപ്രകടനമായി.

കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്. ഗണപതി, സരസ്വതി, ശ്രീ കൃഷ്ണന്‍ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകള്‍ ഉണ്ട്. രാമായണത്തിലെയും ഭാരതത്തിലെയും കഥകള്‍ പാട്ടു രൂപത്തില്‍ അവതരിപ്പിക്കുന്നു.

കാവുകള്‍ക്കു മുമ്പില്‍ പ്രത്യേകം നിര്‍മ്മിച്ച പന്തലിലാണ് പൂരക്കളി അരങ്ങേറുന്നത്. കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും വൃത്താകൃതിയില്‍ നിന്നാണ് കളി അവതരിപ്പിക്കുന്നത്. ഗ്രാമങ്ങളിലെ എല്ലാ ദേവീദേവന്മാരേയും വന്ദിച്ചുകൊണ്ടാണ് കളിക്കാര്‍ പന്തലിലേക്കു പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇഷ്ടദേവതാ സ്തുതി നടത്തുന്നു. 

തീയ്യ സമുദായക്കാരുടെ കാവുകളിലാണ് പ്രധാനമായും പൂരക്കളി നടക്കുന്നത്. മണിയാണി, ശാലിയര്‍, മുക്കുവര്‍, കമ്മാളര്‍, തുടങ്ങിയ സമുദായക്കാരും പൂരക്കളി നടത്താറുണ്ട്. അനുഷ്ഠാനം ചില പ്രത്യേക സമുദായക്കാരുടെ ഇടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെങ്കിലും മുഴുവന്‍ നാട്ടുകാരുടെ പങ്കാളിത്തവും ഈ  ആഘോഷത്തിന് ഉണ്ടാകാറുണ്ട്. കാവുകളിലെ വിഗ്രഹങ്ങളും തിരുവായുധങ്ങളും എഴുന്നള്ളിച്ചുള്ള പൂരംകുളിയും, നിവേദ്യമായ പൂരടയും മംഗള സൂചകമായി കുരവയിടുന്ന പൂരംതെളിയും പൂരോത്സവത്തിന്റെ ഭാഗമാണ്.