പൊറാട്ടും പൊറാട്ടുനാടകവും

പാലക്കാട് ജില്ലയില്‍ പ്രചാരത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാട്ടുനാടകം. പൊറാട്ടുകളി എന്നും പറയും. ഹാസ്യം നിറഞ്ഞ സംഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകള്‍ എന്നിവ പൊറാട്ടില്‍ കാണാം. വിദൂഷകന്‍, കുറവന്‍, കുറത്തി, ചെറുമന്‍, ചെറുമി, മണ്ണാത്തി, ദാസി, ചൊക്ലിയന്‍ ഇവരൊക്കെയാണ് പൊറാട്ടിലെ കഥാപാത്രങ്ങള്‍. സ്ത്രീ കഥാപാത്രങ്ങളെ പുരുഷന്മാര്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളിലും പൊറാട്ടുകളി അവതരിപ്പിക്കാറുണ്ട്.

അമ്പലപ്പറമ്പിലോ, കൊയ്ത്തു കഴിഞ്ഞ പാടത്തോ, മൈതാനത്തോ തയ്യാറാക്കിയ പന്തലിലാണ് പൊറാട്ടുനാടകം അരങ്ങേറുന്നത്. ചതുരാകൃതിയിലുള്ള പന്തലിനോട് ചേര്‍ത്ത് കലകാരന്മാര്‍ക്ക് ഒരുങ്ങാനുള്ള അണിയറ പണിയും. കളി നടക്കുന്നതിന് മുന്നോടിയായി കേളികൊട്ട് ഉണ്ടാകും. ചെണ്ടയും ഇലത്താളവുമാണ് കേളികൊട്ടിനുപയോഗിക്കുന്ന വാദ്യങ്ങള്‍.  ഒരു ചോദ്യക്കാരന്‍, ദാസി, കുറവന്‍, കുറത്തി, പൂക്കാരി, വണ്ണാത്തി, വണ്ണാന്‍, തൊട്ടിയന്‍, തൊട്ടിച്ചി, ചെറുമി തുടങ്ങിയ പൊറാട്ട്വേഷങ്ങള്‍ രംഗത്ത് വരാറുണ്ട്. വിദൂഷകന്റെ റോളാണ് ചോദ്യക്കാരന്റേത്.

ചോദ്യക്കാരന്‍ പൊറാട്ടുനാടകത്തിലെ സ്ഥിരം കഥാപാത്രമാണ്. നാടകവും കാണികളും തമ്മിലുള്ള സുദൃഢമായ ബന്ധം ഉറപ്പുവരുത്തുന്നത് ചോദ്യക്കാരനിലൂടെയാണ്. പൊറാട്ടുകളെ പരിചയപ്പെടുത്തുന്നതു മുതല്‍ ഫലിത പ്രയോഗങ്ങളുമായി നാടകം നിറഞ്ഞുനില്‍ക്കുന്ന ചോദ്യക്കാരന്‍ നാട്ടരങ്ങിലെ 'സൂത്രധാരനാണെന്നു'പറയാം. പല നിറത്തോടു കൂടിയ ഉടുപ്പും, അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് ചോദ്യക്കാരന്റെ വേഷം. നീളം കൂടിയ തൊപ്പിയും ധരിക്കും. ചടുലമായ ചുവടുകളാണ് ചോദ്യക്കാന്റേത്. കളി തുടങ്ങുന്നതിന് മുമ്പ് പ്രധാന പാട്ടുകാരനായ ചോദ്യക്കാരന്റെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്ന് സ്തുതിഗീതം അവതരിപ്പിക്കുന്ന രീതിയും ഉണ്ട്.  

എല്ലാ പൊറാട്ടുകളും ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് തങ്ങളുടെ ഭാഗം തുടങ്ങുന്നത്. മംഗളഗാനത്തോടെയാണ് കളി അവസാനിക്കുന്നത്.

ഗോത്രകലാരൂപങ്ങളിലും മറ്റു നാടന്‍കലകളിലും ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിരുന്നത് പൊറാട്ടുകളാണ്. പുറമെയുള്ള ആട്ടം എന്ന അര്‍ത്ഥത്തിലാണത്രെ പൊറാട്ട് എന്ന വാക്ക് രൂപംകൊണ്ടത്. തെയ്യം, കാളിയൂട്ട്, മുടിയേറ്റ്, കെന്ത്രോന്‍പാട്ട്, കണ്യാര്‍കളി, ഐവര്‍ നാടകം, ചവിട്ടു നാടകം, കോതാമ്മൂരിയാട്ടം, കുറത്തിയാട്ടം, പടയണി തുടങ്ങിയ കലാരൂപങ്ങളിലെല്ലം  പൊറാട്ട് രൂപമോ അതിന്റെ വകഭേദങ്ങളോ പ്രത്യക്ഷമാണ്. പൂരക്കളിയിലും പൊറാട്ടുണ്ട്. കാളിയൂട്ടിലെ പൊറാട്ടുകളാണ് -പരദേശിയും ബ്രാഹ്മണനും കുടിയനും. വെലിക്കളിയില്‍ മായിലോന്‍, മാപ്പിള, യോഗി; കണ്യാര്‍കളിയില്‍ കുറവന്‍, കുറത്തി, മണ്ണാത്തി, പറയന്‍, ചക്കിലിയന്‍, കുടിയന്‍, നായ്ക്കന്‍, പാമ്പാട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പൊറാട്ടാണ്. മുടിയേറ്റിലെ കൂളിയെ പൊറാട്ടായി കരുതാം.