കേരളത്തില്‍ അച്ചടിശാലകള്‍ ആരംഭിച്ചത് 16-ാം നൂറ്റാണ്ടിലാണ്. കൊച്ചി, കൊല്ലം, വൈപ്പിന്‍ കോട്ട, ചാലക്കുടിക്കടുത്തുള്ള അമ്പഴക്കാട് എന്നിവിടങ്ങളിലായിരുന്നു അക്കാലത്തെ മുദ്രണാലയങ്ങള്‍ ക്രിസ്തുമതഗ്രന്ഥങ്ങളാണ് അവയിലൂടെ പുറത്തുവന്നത്.
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തിനടുത്തുള്ള വൈപ്പിന്‍ കോട്ടയില്‍ 1602-ല്‍ ജസ്വീറ്റുകള്‍ ഒരു സുറിയാനി പ്രസ് സ്ഥാപിച്ചു. ഇവിടെ മലയാളമല്ലാത്ത മതഗ്രന്ഥങ്ങള്‍ അച്ചടിച്ചിട്ടുള്ളതായി പറയപ്പെടുന്നുവെങ്കിലും മാതൃകകളൊന്നും ലഭിച്ചിട്ടില്ല. അമ്പഴക്കാട്ട് അച്ചടിച്ച കൃതികളും മലയാളമായിരുന്നില്ല. കൊല്ലം, കൊച്ചി മുദ്രണാലയങ്ങളിലെ സ്ഥിതിയും ഇതായിരുന്നു.
ഇംഗ്ലീഷുകാരനായ ക്രിസ്തുമതപ്രചാരകന്‍ ബഞ്ചമിന്‍ ബെയ്‌ലി 1821-ല്‍ കോട്ടയത്താരംഭിച്ച സി.എം.എസ്.പ്രസ് ആണ് കേരളത്തിലെ ആദ്യത്തെ മലയാളം അച്ചടിശാല.
കേരളത്തിലച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ഇവിടെ നിന്നാണു പുറത്തുവന്നത്. മലയാളലിപിയുടെ രൂപകല്പനയിലും ബെയ്‌ലി സുപ്രധാനമായ പങ്കുവഹിച്ചു.
1820-ല്‍ അക്കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലില്‍ (ഇന്ന് തമിഴ്‌നാട്ടില്‍) ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) ഒരു അച്ചടിശാല സ്ഥാപിച്ചിരുന്നു. 1829-ല്‍ നെയ്യൂരിലും (ഇന്ന് തമിഴ്‌നാട്ടില്‍) 1840-ന് അടുത്ത് കൊല്ലത്തും എല്‍.എം.എസ് പ്രസ്സുകള്‍ സ്ഥാപിതമായി. തമിഴ് പുസ്തകങ്ങളാണ് ഇവ മുദ്രണം ചെയ്തത്.
1836-ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സ് സ്ഥാപിച്ചു. 1865-ല്‍ ഇവിടെ ലിത്തോഗ്രാഫിക് പ്രസ്സും സ്ഥാപിച്ചു. 1844-ല്‍ കോട്ടയത്തെ മാന്നാനത്തു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ (ചാവറയച്ചന്‍, 1805-1871) സെയ്ന്റ് ജോസഫ്‌സ് പ്രസ്സ് സ്ഥാപിച്ചു. 1842-ല്‍ കര്‍ണ്ണാടകത്തിലെ മംഗലാപുരത്ത് ബാസല്‍ മിഷന്‍ ഒരു പ്രസ് സ്ഥാപിച്ചു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളകൃതികളില്‍ ചിലത് ഇവിടെയാണ് അച്ചടിച്ചത്. 1845 ഒക്‌ടോബര്‍ 23-ന് തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ ഗുണ്ടര്‍ട്ടിന്റെ വസതിയില്‍ ഒരു പ്രസ്സ് സ്ഥാപിച്ചു. വടക്കന്‍കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു ഇല്ലിക്കുന്നിലെ കല്ലച്ചു പ്രസ്സ്. മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം (1847 ജൂണ്‍) പശ്ചിമോദയം (1847 ഒക്‌ടോബര്‍) എന്നിവ ഈ കല്ലച്ചു പ്രസ്സിലാണ് മുദ്രണം ചെയ്തത്.