കേരളത്തിലെ അച്ചടി വിദ്യ എത്തുന്നത് 16-ാം നൂറ്റാണ്ടിലാണ് വിദേശീയ ക്രിസ്തുമതപ്രചാരകരായ ജസ്വീറ്റുകള്‍ കൊച്ചി, കൊല്ലം, വൈപ്പിന്‍കോട്ട, അമ്പഴക്കാട് എന്നിവിടങ്ങളില്‍ അച്ചടിശാലകള്‍ സ്ഥാപിച്ചു. കേരളത്തിലെ അച്ചടിച്ച ആദ്യപുസ്തകം ഡോക്റ്റരീനക്രിസ്തം (1578) ആണ്. ജസ്വീറ്റ് മതപ്രചാരകനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയ ഡോക്റ്റരീനയുടെ തമിഴ് പരിഭാഷയായിരുന്നു അത്. ഈ നാല് അച്ചടി ശാലകളില്‍ നിന്നും അച്ചടിച്ചിരുന്നത് തമിഴ് പുസ്തകങ്ങളായിരുന്നു. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമ്പഴക്കാട് അച്ചടിശാല പ്രവര്‍ത്തനരഹിതമായി. 16-ാം ന്നൂറ്റാണ്ടില്‍ കേരളത്തില്‍ അച്ചടി തുടങ്ങി എങ്കിലും മലയാളം അച്ചടി തുടങ്ങിയത് വീണ്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ്സിലാണ് മലയാളലിപി ആദ്യമായി അച്ചടിച്ചത്. പിന്നീട് റോമിലും മുംബൈയിലും മലയാളം അച്ചടിക്കപ്പെട്ടു. 1821-ല്‍ ബഞ്ചമിന്‍ ബെയ്‌ലി കോട്ടയത്ത് പ്രസ് ആരംഭിച്ചതോടെ കേരളത്തിലെ മലയാള അച്ചടിയുടെ തുടക്കമായി. 1824-ല്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയ കുട്ടിക്കഥകള്‍ ആണ് ആദ്യമായി അച്ചടിച്ച പുസ്തകം.
അച്ചടിക്ക് നൂറ്റാണ്ടുകള്‍ മുമ്പ് ചതുരാകൃതിയിലുള്ള (ചതുരവടിവ്) അക്ഷരങ്ങളിലായിരുന്നു മലയാളം എഴുതിയിരുന്നത്. റോമിലും മുംബൈയിലും അച്ചടിച്ചതും ഈ ചതുരവടിവിലായിരുന്നു. ബഞ്ചമിന്‍ ബെയ്‌ലിയാണ് വട്ടവടിവിലുള്ള (അക്ഷരങ്ങള്‍ ഉരുണ്ട ആകൃതിയില്‍ എഴുതുന്നശൈലി) അച്ചുകള്‍ക്ക് രൂപം നല്‍കിയത്. അച്ചുകളുടെ ശാസ്ത്രീയതയും, രൂപസൗന്ദര്യവും കൊണ്ട് ബെയ്‌ലിയുടെ വട്ടവടിവ് അക്ഷരങ്ങള്‍ ഏവര്‍ക്കും സ്വീകാര്യമായി. ബെയ്‌ലിക്കുശേഷം മലയാള ലിപികളില്‍ ഒരു മാറ്റം ഉണ്ടായത് ശൂരനാടു കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിദ്ദേശപ്രകാരം 1967-ല്‍ ആയിരുന്നു. 1960-കളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ എന്‍. വി. കൃഷ്ണവാരിയര്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളാണ് ശൂരനാട്ടു കുഞ്ഞന്‍ പിള്ള കമ്മിറ്റി സ്വീകരിച്ചത്. ഇതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംയുക്തവ്യഞ്ജനങ്ങളെ ചന്ദ്രക്കലയിട്ടു പിരിച്ചെഴുതുവാനുള്ള നിര്‍ദ്ദേശം മലയാള മനോരമയിലൂടെ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള നല്‍കിയിരുന്നു.
വരാപ്പുഴ കര്‍മലീത്താ സന്യാസാശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇറ്റാലിയന്‍ മതപ്രചാരകനായ ക്ലെമന്റ് പിയാനിയൂസ് (1731-1782) റോമില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച 'നസ്രാണികള്‍ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷംപ വെദാര്‍ത്ഥം (1772)' ആണ് മലയാളത്തില്‍ ആദ്യം അച്ചടിച്ച പുസ്തകം. മലയാള ലിപികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ആല്‍ഫബെത്തും ഗ്രാന്‍ഡൊനിക്കോ മലബാറിക്ക (Alphabetum grandonico-malabaricum sive samscrudonicum) എന്ന ലാറ്റിന്‍ കൃതിയും പിയാനുയൂസ് റോമില്‍ അച്ചടിച്ചു. ചതുരവടിവിലുള്ള അച്ചുകളാണ് മലയാളലിപികള്‍ക്കായി ഇവയില്‍ ഉപയോഗിച്ചിരുന്നത്.
പൗലിനോസ് പാതിരി സിദ്ധരൂപം (1790) മലയാള പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള സെന്തും അദാജിയ മലബാറിക്ക (Centum Adagia Malabarica cum textu, Original version, 1971) എന്നീ പുസ്തകങ്ങളും റോമില്‍ അച്ചടിച്ചു. മുംബൈയിലും 18-ാം നൂറ്റാണ്ടില്‍ മലയാളം അച്ചടിക്കപ്പെട്ടു.
എ സ്‌പെസിമിന്‍ ഓഫ് മലബാര്‍ ടൈപ്‌സ് (1799) എന്ന ബ്രോഡ് ഷീറ്റ് രേഖ, മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥമായ ഗ്രാമര്‍ ഓഫ് ദ മലബാര്‍ ലാങ്‌ഗ്വേജ് (റോബര്‍ട്ട് ഡ്രമ്മണ്‍ഡ്) എന്നിവ ഇതിനു മാതൃകയാണ്. മുംബൈയിലെ കൂറിയര്‍പ്രസ് അച്ചടിച്ച പുതിയ നിയമമാണ് (1811) ഇന്ത്യയില്‍ മുദ്രണം ചെയ്ത ആദ്യത്തെ മലയാളപുസ്തകം. ആദ്യത്തെ സമ്പൂര്‍ണ്ണമലയാളപുസ്തകവും.
ഇംഗ്ലീഷുകാരനായ ക്രിസ്തുമത പ്രചാരകന്‍ ബെഞ്ചമിന്‍ ബെയ്‌ലി (1791-1871)യാണ് കേരളത്തിലെ മലയാളം അച്ചടിക്ക് അടിത്തറയിട്ടതെന്നു നിസ്സംശയം പറയാം. കേരളത്തിലെ ആദ്യത്തെ മലയാളം അച്ചുകൂടമായ കോട്ടയം സി.എം.എസ്.പ്രസ് ബെയ്‌ലിയാണു സ്ഥാപിച്ചത്. ഇവിടെ മെത്രാപ്പൊലീത്തയുടെ ഇടയലേഖനം, ബൈബിളിലെ ഗിരിപ്രഭാഷണം എന്നീ പുസ്തകങ്ങള്‍ കണ്ടുകിട്ടിയിട്ടില്ല. 1829-ല്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പുതിയ നിയമവും ബെയ്‌ലി മുദ്രണം ചെയ്തു. പഴയ നിയമത്തിന്റെ മൂന്നുഭാഗങ്ങള്‍ 1839, 1840, 1841 വര്‍ഷങ്ങളിലായും അച്ചടിച്ചു. മലയാളം-ഇംഗ്ലീഷ് നിഘണ്ടു (1846), മലയാളം- ഇംഗ്ലീഷ് നിഘണ്ടു (1849) എന്നിവയായിരുന്നു ബെയ്‌ലിയുടെ അടുത്ത നിര്‍മിതികള്‍. മലയാളലിപിയുടെ രൂപകല്പനയില്‍ സുപ്രധാനമായ പങ്കാണ് തന്റെ അച്ചടിയിലൂടെ ബെയ്‌ലി നിര്‍വഹിച്ചത്. 1848 ല്‍ ജ്ഞാനനിക്ഷേപം എന്ന ആനുകാലികം ആരംഭിച്ചുകൊണ്ടു പത്രപ്രവര്‍ത്തനത്തിനും ബെയ്‌ലി സംഭാവന നല്‍കി. ബെയ്‌ലിയുടെ അച്ചടിയന്ത്രവും പ്രസാധനവും മലയാളമുദ്രണത്തെ പുതുയുഗത്തിലേക്കു നയിച്ചു.
വട്ടവടിവ്
മലയാളലിപികളുടെ മുദ്രണത്തിനായി നിര്‍മ്മിച്ച അച്ചുകളില്‍ അക്ഷരങ്ങള്‍ക്കുണ്ടായ ഉരുണ്ട ആകൃതിയെ സൂചിപ്പിക്കുന്ന പദമാണ് വട്ടവടിവ്. അച്ചടിക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചതുരാകൃതിയിലുളള അക്ഷരങ്ങളില്‍ (ചതുരവടിവ്) ആയിരുന്നു മലയാളം എഴുതിയിരുന്നത്. റോമിലും, മുംബൈയിലും അച്ചടിച്ച ആദ്യകാല മലയാള പുസ്തകങ്ങളിലെ അക്ഷരങ്ങളും ചതുരാകൃതിയിലായിരുന്നു. ബെഞ്ചമിന്‍ ബെയ്‌ലിയാണ് വട്ടവടിവിലുളള അച്ചുകള്‍ അവതരിപ്പിച്ചത്. അച്ചുകളുടെ ശാസ്ത്രീയതയും രൂപസൗന്ദര്യവും കൊണ്ട് ബെയ്‌ലിയുടെ വട്ടവടിവ് അക്ഷരങ്ങള്‍ മലയാളത്തില്‍ വേരുറച്ചു.
ചതുരവടിവ്
അച്ചടിയുടെ ആദിമദശയില്‍ മലയാള ലിപികള്‍ക്കുണ്ടായിരുന്ന ചതുരാകൃതിയെ സൂചിപ്പക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. അച്ചടി തുടങ്ങുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ചതുരവടിവിലാണ് മലയാള അക്ഷരങ്ങള്‍ എഴുതിയിരുന്നതും. ആ രീതിയാണ് റോമിലും ('സംക്ഷേപ വേദാര്‍ത്ഥം', ആല്‍ഫബെത്തും') മുംബൈയിലും ('പുതിയ നിയമം', 1811) അച്ചടിച്ച ആദ്യകാല പുസ്തകങ്ങളില്‍ ഉപയോഗിച്ച മലയാളം ടൈപ്പുകള്‍ക്കും ഉണ്ടായിരുന്നത്.