പ്രൊഫഷണല്‍ നാടകവേദി മലയാളത്തില്‍

കേരളീയ പ്രൊഫഷണല്‍ നാടകവേദിയുടെ ചരിത്രം ആരംഭിക്കുന്നത് 1903-ല്‍ അവതരിപ്പിക്കപ്പെട്ട സദാരാമയിലൂടെയാണ്. വിക്ടോറിയന്‍ നാടകസങ്കല്പത്തിലധിഷ്ഠിതമായ അരങ്ങും അണിയറയും തന്നെയായിരുന്നു. മലയാളനാടകവേദിയും പകര്‍ത്തിയത്. തമിഴ് - പാഴ്സി സംസ്കാരങ്ങള്‍ ഒരുമിച്ചു നൃത്തസംഗീതാവതരണത്തോടെയുള്ള രംഗാവിഷ്കാരങ്ങള്‍ 19-ാം ശതകത്തിലും 20-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തിലും മലയാളത്തിന്റെ പ്രൊഫഷണല്‍ രംഗത്ത് നിറഞ്ഞുനിന്ന ആ കാലഘട്ടത്തില്‍ പുരാണചരിത്രനാടകങ്ങളാണ്  ആസ്വാദകരെ ആകര്‍ഷിച്ചത്.  തമിഴ് 'സെറ്റ്' നാടകക്കമ്പനികളുടെ മാതൃകയില്‍ തിരുവട്ടാര്‍  നാരായണപിള്ള, സി.പി.അച്യുതമേനോന്‍, ചാത്തുക്കുട്ടി മന്നാടിയാര്‍ തുടങ്ങിയവര്‍ കേരളത്തില്‍ നാടകസംഘങ്ങള്‍ ഉണ്ടാക്കുകയും ശാകുന്തളം, ദേവയാനി ചരിതം, കുചേലഗോപാലം, പാക്കനാര്‍ ചരിതം തുടങ്ങിയ സംഗീതനാടകങ്ങള്‍ പ്രൊഫഷണല്‍ എന്ന നിലയില്‍ നാടുതോറും അവതരിപ്പിക്കുകയും ചെയ്തു.

1945-ലെ സ്ത്രീ എന്ന നാടകവുമായി രംഗത്ത് വന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പ്രൊഫഷണലിസത്തിന് പുതിയ മാനം നല്‍കി. സാമ്പ്രദായിക സംഗീത നാടകസങ്കല്പത്തില്‍ നിന്ന് തികച്ചും വേറിട്ടുനിന്ന 'സ്ത്രീ' പുതിയ അവതരണശൈലിക്കും നാടകത്തിന്റെ പ്രൊഫഷണല്‍ കാഴ്ചപ്പാടിനും  വളരെ സഹായകമായിത്തീര്‍ന്നു. സംഗീതനാടകങ്ങളില്‍ നിന്ന് സാമൂഹിക നാടകങ്ങളിലേയ്ക്കുള്ള പരിണാമം, നാടകകലയെ ഗൗരവമായി കാണാന്‍ പ്രേക്ഷകരെയും നാടകരംഗത്തുള്ളവരെയും പ്രേരിപ്പിച്ചു. അഭിനയം, ചമയം, വസ്ത്രാലങ്കാരം, ലൈറ്റിംഗ്, സംവിധാനം, രംഗപടം തുടങ്ങിയ കാര്യങ്ങള്‍ തികച്ചും പ്രൊഫഷണലായിത്തീര്‍ന്നത് ഈ മാറ്റത്തിന് ശേഷമാണ്.

കെ.പി.എ.സി.യുടെ ഉദയത്തോടെ മലയാളനാടകവേദി ജനപക്ഷത്തേയ്ക്ക് നീങ്ങി. ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണം, കലാപരമായ സൗന്ദര്യവും സാമൂഹികമൂല്യബോധവും ഉള്‍കൊള്ളുന്ന നാടകങ്ങളിലൂടെ നിര്‍വഹിച്ച കെ.പി.എ.സി. മലയാളനാടകസങ്കല്പത്തിനുതന്നെ പുതിയ വഴിത്തിരിവായിരുന്നു. 1960-കളില്‍ പ്രൊഫഷണല്‍ നാടകവേദി കൂടുതല്‍ പ്രകാശോന്മുഖമായി. വിശ്വകേരളകലാസമിതി,  ചങ്ങനാശ്ശേരി  ഗീതാ ആര്‍ട്സ് ക്ലബ്, കലിംഗ തിലേറ്റര്‍, സൂര്യസോമ തുടങ്ങിയ പ്രൊഫഷണല്‍ നാടകഗ്രൂപ്പുകള്‍ ഉടലെടുത്തു. കെ. ടി. മുഹമ്മദിന്റെ ജീവിതഗന്ധിയായ നാടകങ്ങള്‍ ഉത്തരകേരളത്തില്‍ ഏറെ ചലനുമുണ്ടാക്കി. കോഴിക്കോട് കേന്ദ്രകലാസമിതി, സംഗമം തിയേറ്റേഴ്സ് എന്നിവയ്ക്കുവേണ്ടി അദ്ദേഹം എഴുതിയ കാഫര്‍; സൃഷ്ടി, സ്ഥിതി, സംഹാരം; സമന്വയം തുടങ്ങിയ നാടകങ്ങള്‍ ഏറെ മികവ് പുലര്‍ത്തി. തുടര്‍ന്ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിനുവേണ്ടി കടല്‍പ്പാലം, മുത്തുച്ചിപ്പി, സ്വന്തം ലേഖകന്‍ എന്നീ നാടകങ്ങളുമെഴുതി. 1989-ല്‍ കെ.പി.എ.സി.ക്കുവേണ്ടി രചിച്ച സൂത്രധാരന്‍ പ്രൊഫഷണല്‍ നാടകരംഗത്ത് ഏറെ ചര്‍ച്ചാവിഷയമായി. നിലവിലുള്ള  പ്രൊഫഷണല്‍ സങ്കേതങ്ങളില്‍ ആശാസമായ മാറ്റം വരുത്തുവാന്‍ കഴിഞ്ഞു എന്നതാണ് രചനയിലും രംഗാവതരണത്തിലും കെ.ടി.യുടെ സംഭാവന.

എന്‍.എന്‍. പിള്ളയുടെ നാടകങ്ങള്‍ ആസ്വാദകര്‍ക്ക് പ്രിയങ്കരമായിരുന്നു. സാമൂഹ്യവിമര്‍ശനത്തിന്റെ തീഷ്ണതയും പരിഹാസവും അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് ചടുലതയേകി. എസ്.എല്‍. പുരം  സദാനന്ദന്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ രചനകളും പ്രൊഫഷണല്‍ നാടകവേദിക്ക് മാറ്റുക്കൂട്ടി. ഇവരുടെ പിന്തുടര്‍ച്ചക്കാരായി ഒട്ടേറെ മികച്ച രചയിതാക്കള്‍ രംഗത്തെത്തി.