ക്ഷേമപദ്ധതികളുടെ ലഘുവിവരണം

ഫോക്‌ലോര്‍ സംരക്ഷണത്തിനുവേണ്ടിയും പ്രസാരണത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്ന ഗുരുഭൂതരായ ജനങ്ങളുടെയും കേരളത്തിലെ നാടന്‍ കലാകാരരുടെയും സര്‍വ്വതോന്മുഖമായ ഐശ്വര്യവും പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ട് ഫോക്‌ലോര്‍ അക്കാദമി നിരവധിയായ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങളും ഫെല്ലോഷിപ്പുകളും: ഫോക്‌ലോര്‍ രംഗത്തെ കലാകാരര്‍, വിവിധമേഖലകളില്‍ വൈദഗ്ദ്ധ്യം നേടിയവര്‍, ഗവേഷകര്‍ തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കുന്നതിനും, സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിനും വേണ്ടി എല്ലാ വര്‍ഷവും അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും ഗുരുപൂജാപുരസ്കാരവും നല്‍കുന്നുണ്ട്. നാടന്‍കലാരംഗത്തെ യുവപ്രതിഭകള്‍ക്ക് യുവപ്രതിഭാപുരസ്കാരവും പ്രശസ്തിപത്രവും വന്ദ്യവയോധികരായ കലാകാരരെ ആദരിക്കുന്നതിന്റെ ഭാഗമായി പൊന്നാടയും പ്രശസ്തിപത്രവും നല്‍കുന്നുണ്ട്.

പി.കെ.കാളന്‍ പുരസ്കാരം: ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനും പ്രശസ്തഗദ്ദിക കലാകാരനുമായിരുന്ന പി.കെ. കാളന്റെ പേരില്‍ നാടന്‍കലാരംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍, ഗവേഷകര്‍ തുടങ്ങിയവരില്‍ നിന്ന് ഒരാള്‍ക്ക് വര്‍ഷംതോറും 100000/- രൂപയുടെ പുരസ്കാരം 2008 മുതല്‍ നല്‍കിവരുന്നുണ്ട്. പി.കെ.കാളന്‍ പുരസ്കാരം എന്നറിയപ്പെടുന്ന ഈ പുരസ്കാരം നിര്‍ണ്ണയിക്കുന്നത് കേരളസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പാണ്.

ചികിത്സാധനസഹായം: രോഗങ്ങള്‍മൂലം അവശതയനുഭവിക്കുന്ന നാടന്‍കലാകാരര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ചികിത്സാധനസഹായം നല്‍കുന്നുണ്ട്. ഗുരുതരമായ രോഗങ്ങള്‍ കൊണ്ടു ക്ലേശിക്കുന്നവര്‍ക്ക് പരമാവധി തുക അനുവദിക്കുന്നു. കൂടുതല്‍ വിദഗ്ദ്ധചികിത്സ ആവശ്യമായി വരുന്നവരുടെ അപേക്ഷകള്‍ സാംസ്കാരിക വകുപ്പിന് ശുപാര്‍ശ ചെയ്യുകയും ചെയ്യാറുണ്ട്. അതുവഴി പലര്‍ക്കും സര്‍ക്കാരില്‍ നിന്ന് നേരിട്ട് ധനസഹായം ലഭിക്കാറുണ്ട്. ചികിത്സാധനസഹായത്തിന്റെ വരുമാനപരിധി 18000/- രൂപയാണ്.

പെന്‍ഷന്‍: നാടന്‍കലാകാരര്‍ നിശ്ചിതഫോറത്തില്‍ ആവശ്യമായ രേഖകളോടുകൂടി അപേക്ഷിച്ചാല്‍ അക്കാദമി ശുപാര്‍ശ ചെയ്ത് സാംസാകാരിക വകുപ്പിലേക്കയച്ചു കൊടുത്തുവരുന്നു. പെന്‍ഷന് അപേക്ഷിക്കുന്നതിനുള്ള വരുമാനപരിധി വര്‍ഷത്തില്‍ 9000 രൂപയാണ്.

സാംസ്കാരികക്ഷേമനിധി: സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന കലാകാരക്ഷേമപദ്ധതിയുടെ ഭാഗമായി നാടന്‍കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്.

നാടന്‍കലാപഠനത്തിന് സ്റ്റൈപ്പന്‍റ്: നാടന്‍കലകളില്‍ പരിശീലനം നടത്തി വരുന്ന 10-നും 15-നും മദ്ധ്യേ പ്രായമുള്ള കുട്ടികള്‍ക്കു പ്രതിമാസം 200 രൂപ വീതം ഒരു വര്‍ഷക്കാലത്തേയ്ക്ക് സ്റ്റൈപ്പന്‍റ് നല്‍കി വരുന്നുണ്ട്. പത്രങ്ങളിലൂടെ അപേക്ഷ ക്ഷണിക്കുമ്പോള്‍ നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകളോടു കൂടി അപേക്ഷിച്ചാല്‍ അര്‍ഹരായവരെ അഭിരുചിപരീക്ഷ വഴി തെരഞ്ഞെടുക്കും. മുന്നോ നാലോ മേഖലകളാക്കി തിരിച്ചാണ് അഭിരുചിപരീക്ഷ നടത്തി വരുന്നത്. പങ്കെടുക്കുന്ന കുട്ടികള്‍ക്കും രക്ഷിതാവിനും യാത്രാച്ചെലവ് നല്‍കാറുണ്ട്. സ്റ്റൈപ്പന്‍റിനപേക്ഷിക്കുന്നതിനുള്ള രക്ഷിതാവിന്റെ വാര്‍ഷിക വരുമാന പരിധി 24000 രൂപയാണ്.

സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിക്കല്‍: ഫോക്‌ലോറിനെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സെമിനാറുകളും ശില്‍പ്പശാലകളും സംഘടിപ്പിച്ചു വരുന്നുണ്ട്. സൈദ്ധാന്തികമായ ക്ലാസ്സുകള്‍ക്കൊപ്പം സോദാഹരണപ്രഭാഷണങ്ങളും നാടന്‍കലാവതരണങ്ങളും ഉണ്ടാകും.

നാടന്‍കലാ ക്ലബ്ബുകള്‍: അംഗീകൃതകലാസമിതികളും ഗ്രന്ഥാലയങ്ങളും സന്നദ്ധസംഘങ്ങളും നാടന്‍കലാപ്രവര്‍ത്തനം നടത്താന്‍ തയ്യാറായാല്‍ അവയ്ക്ക് ഫോക്‌ലോര്‍ അക്കാദമിയില്‍ അഫിലിയേഷന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ഫോക്‌ലോര്‍ പരിപാടികള്‍ക്ക് അക്കാദമി ധനസഹായം നല്‍കിവരുന്നുണ്ട്. 100 രൂപ അക്കാദമി സെക്രട്ടറിയുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അഫിലിയേഷനുള്ള അപേക്ഷയോടൊപ്പം അയക്കണം.

സ്കൂള്‍-കോളേജ് ഫോക്‌ലോര്‍ ക്ലബ്ബുകള്‍: സ്കൂളിലും കോളേജുകളിലും ഫോക്‌ലോര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനും അവയുടെ പ്രവര്‍ത്തനത്തിനും അക്കാദമി സാമ്പത്തികസഹായം ചെയ്തു വരുന്നുണ്ട്. ക്ലബ്ബ് രജിസ്ട്രേഷന് 50  രൂപയുടെ ക്രോസ് ചെയ്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയക്കണം.

ആദിവാസി കലോത്സവം: ആദിവാസികളുടെ ക്ഷേമത്തിനും അവരുടെ കലകളുടെ പരിപോഷണത്തിനുമായി  ആദിവാസിമേഖലകളിലും മറ്റിടങ്ങളിലും കലോത്സവങ്ങള്‍ നടത്തിവരുന്നുണ്ട്.

കലാകാരസംഗമം: സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കലാകാരന്മാരുടെ സംഗമം അക്കാദമിയുടെ നേതൃത്വത്തില്‍ നടത്താന്‍ പദ്ധതിയാവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ചില കൂട്ടായ്മകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പൈതൃകകലകളുടെ ഡോക്യുമെന്റെഷനും കലാകാരന്മാരുടെ വിവരശേഖരണവും നടത്തുന്നതിനും അതുവഴി തുടക്കം കുറിക്കാന്‍ സാധിച്ചിട്ടുണ്ട്.

നാടന്‍കലാപരിപാടികള്‍: കേരള ഫോക്‌ലോര്‍ അക്കാദമി ഫോക്ലോര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന നാടന്‍കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വിവിധ സാംസ്കാരികസംഘടനകളും മറ്റുമായി ചേര്‍ന്ന് പരിപാടികള്‍  ആസൂത്രണം ചെയ്തു വരുന്നുണ്ട്. 

ഡോക്യുമെന്റേഷന്‍: നമ്മുടെ ജീവനസ്പന്ദനങ്ങളായ നാടന്‍കലകള്‍ അനുനിമിഷം മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കലകള്‍ നാശോന്മുഖമാകുന്നതിന് മുമ്പ് ഇവയെ അടയാളപ്പെടുത്തി വയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ചവിട്ടുനാടകം, നാടന്‍പാട്ടുകള്‍, തിരിയുഴിച്ചില്‍, കുത്തുറാത്തീബ്ബ് - അറബനമുട്ട് തുടങ്ങിയ പതിനഞ്ചോളം കലാരൂപങ്ങള്‍ ഡോക്യുമെന്‍റ് ചെയ്ത് കഴിഞ്ഞു   തുടര്‍ന്നും അന്യംനിന്ന് പോകുന്ന നിരവധിയായ കലാരൂപങ്ങളെ ഡോക്യുമെന്‍റ് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നു.