പുലികളിപുരുഷന്മാരായ കലാകാരന്മാര്‍ പുലിയുടെ വേഷം കെട്ടി നൃത്തം ചെയ്യുന്നതിനെയാണ് പുലികളി എന്നു വിളിക്കുന്നത്. ഇന്ന് കേരളത്തിലങ്ങിങ്ങ് ഓണക്കാലത്ത് പുലിവേഷക്കാരെ കാണാമെങ്കിലും മദ്ധ്യകേരളത്തില്‍ പ്രത്യേകിച്ച് തൃശ്ശൂരിലും പ്രാന്തപ്രദേശങ്ങളിലും പണ്ടുകാലം മുതല്‍ക്കു നിലനിന്നു പോരുന്നതാണ് ഈ വിനോദകല. നല്ലമെയ്‌വഴക്കവും കായികബലവുമുള്ള കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നു.
കളിക്കാര്‍ പുലിയുടെ രൂപത്തിലുള്ള മുഖാവരണം ധരിക്കുകയും മഞ്ഞയും കറുപ്പും ചായം കൊണ്ട് ശരീരമാസകലം വരകള്‍ ഇടകലര്‍ത്തി വരച്ചിരിക്കുകയും ചെയ്യും. വയറിനു മീതെയും പുലിയുടെ മുഖം വരയ്ക്കാറുണ്ട്. വരയന്‍ പുലികളുടെയും പുള്ളിപ്പുലികളുടെയും കൂട്ടത്തില്‍ പെണ്‍പുലികളായും കുട്ടിപ്പുലികളായും വേഷമിട്ടുവരുന്നവരുണ്ടാകും. മുഖാവരണം അണിഞ്ഞിരിക്കുന്നതിനാല്‍ മുഖഭാവങ്ങള്‍ക്കു പ്രസക്തിയില്ല. എന്നാല്‍ വയറു കുലുങ്ങുന്ന രീതിയില്‍ പ്രത്യേകതയാര്‍ന്ന തുള്ളിക്കളി രസകരമായ കാഴ്ചയാണ്. ഈ വിനോദകല കടുവാ കളി എന്നപേരിലും അറിയപ്പെടുന്നു.