പുള്ളോന്‍വീണ

നാഗാരാധനയ്ക്ക് ഉപയോഗിക്കുന്ന വാദ്യോപകരണമാണ് പുള്ളോന്‍വീണ. പുള്ളുവ വീണയെന്നും പേരുണ്ട്. നാഗാരാധന നടത്തിക്കൊണ്ടിരുന്നത് പുള്ളുവര്‍ ജാതിയില്‍പെട്ട ആളുകള്‍ ആയിരുന്നത് കൊണ്ടാണ് ഇതിനു പുള്ളുവന്‍ വീണ എന്ന് പേരു വന്നത്. ഇതിന് രണ്ടുഭാഗങ്ങളുണ്ട്. കിണ്ണവും തണ്ടും. പ്ലാവോ തേക്കോ ഉപയോഗിച്ചാണ് തണ്ടു നിര്‍മ്മിക്കുന്നത്. തണ്ടിന്റെ അറ്റത്ത് വൃത്താകൃതിയുള്ള ഭാഗം കിണ്ണത്തിന്റെ മുകളില്‍ ഉറപ്പിക്കുന്നു. കുങ്കുമത്തിന്റെ വേരുകൊണ്ടാണ് കിണ്ണം നിര്‍മ്മിക്കുന്നത്. കിണ്ണത്തിന്റെ  മുഖം തോലുപൊതിഞ്ഞിരിക്കും. കിണ്ണത്തിന്റെ അടിഭാഗത്ത് തോലിലെ വട്ടക്കണ്ണിയില്‍ ചരടുകോര്‍ത്ത് മുറുക്കുന്നു. കമുകിന്‍തടികൊണ്ടു പണിത കോലുകൊണ്ടാണ് പുള്ളോന്‍വീണ മീട്ടുന്നത്. നൂലാണ് തന്ത്രിയായി കെട്ടുന്നത്. കിണ്ണം ചുമലില്‍ മുട്ടിച്ച് ഇടത്തേകൈകൊണ്ട് തലയ്ക്കല്‍ പിടിച്ച് വലതുകയ്യിലെ കോലുപയോഗിച്ചാണ് വീണ വായിക്കുന്നത്. കോലിലെ ഇഴകള്‍ വീണയിലെ തന്ത്രിയുമായി ഉരസുമ്പോള്‍ നാദമുണ്ടാകുന്നു. കോലിന്റെ അറ്റത്തുള്ള ചെറിയ ചിലങ്കകള്‍ ചലിക്കുമ്പോള്‍  താളശബ്ദം ലഭിക്കുന്നു. പുള്ളുവ വീണ പൂര്‍ണമായൊരു സംഗീതോപകരണമല്ല. ചില രാഗങ്ങളും സ്വരങ്ങളും മാത്രമേ ഇതില്‍ വായിക്കാനാവൂ.