പുള്ളുവക്കുടം

സര്‍പ്പപ്പാട്ടിന് ശ്രുതിക്കും താളത്തിനുമായി സ്ത്രീകള്‍ ഉപയോഗിക്കുന്ന വാദ്യോപകരണമാണ് പുള്ളുവകുടം. നാഗാരാധന നടത്തിക്കൊണ്ടിരുന്നത് പുളളവര്‍ സമുദായത്തില്‍പെട്ട ആളുകള്‍ ആയിരുന്നത് കൊണ്ടാണ് ഇതിനു പുള്ളുവക്കുടം എന്ന് പേരു വന്നത്.

ഒത്തവലിപ്പത്തിലുള്ള ഒരു മണ്‍കുടം പകുതിയോളം മുറിച്ചാണ് ഇതു നിര്‍മ്മിക്കുന്നത്. പാതി കുടത്തിന്റെ വട്ടമുഖം തോലുകൊണ്ട് പൊതിയുന്നു. ബലമുള്ള ചരടുകൊണ്ട് തോല്‍ കുടത്തില്‍ കെട്ടുന്നു. മീട്ടാനുള്ള തന്ത്രി കുടത്തിന്റെ മൂട്ടില്‍ ഉറപ്പിക്കുന്നു. തന്ത്രിയുടെ മറ്റേയറ്റത്ത് ഒരു ചെറിയ കുറ്റി കെട്ടുന്നു. കുടം കക്ഷത്തില്‍ വച്ച് തന്ത്രിയുടെ മറ്റേയറ്റത്തുള്ള കുറ്റി കാലിന്റെ തള്ളവിരലിനും തൊട്ടടുത്ത വിരലിനുമിടയില്‍ കുടുക്കി തന്ത്രിക്ക് മുറുക്കമുണ്ടാക്കുന്നു. ഒരു കാല്‍ പതിച്ചും ഒരു കാല്‍ കുത്തനെ മടക്കിയും ഇരുന്നാണ് പുള്ളുവക്കുടം വായിക്കുന്നത്. മിനുസപ്പെടുത്തിയ ഒരു ചെറിയകഷണം കല്ല് കുടത്തിന്റെ കടയ്ക്കലുള്ള തന്ത്രിയില്‍ ഉരസിയാണ് നാദമുണ്ടാക്കുന്നത്. ഒപ്പം ഇടതുകൈവിരലുകള്‍ പാദത്തിന്റെ സമീപമുള്ള തന്ത്രിഭാഗത്ത് സ്പര്‍ശിച്ച് ഈണം വരുത്തുകയും ചെയ്യുന്നു. വലിയ പുള്ളുവക്കുടങ്ങള്‍ പുരുഷന്മാര്‍ മീട്ടുന്നു.