പൂതനും തിറയും

വള്ളുവനാടന്‍ പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് പൂതനും തിറയും. തിറ കാളിയേയും പൂതം ഭൂതഗണങ്ങളേയും പ്രതിനിധീകരിക്കുന്നു. കണ്ണകി ആരാധനയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഐതിഹ്യങ്ങള്‍ ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി പ്രചാരത്തിലുണ്ട്. കാവുകളുലും ഭഗവതിക്ഷേത്രങ്ങളിലുമാണ് ഈ അനുഷ്ഠാനം നടക്കുന്നത്. പെരുവണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്. താലപ്പൊലി, പൂരം, വേല തുടങ്ങിയ ഉത്സവങ്ങളുടെ ഭാഗമായാണ് ഈ അനുഷ്ഠാനം അരങ്ങേറുന്നത്. 

പൂതത്തിന് തുടിയാണ് വാദ്യം. തിറയ്ക്ക് പ്രധാനമായും പറ വാദ്യോപകരണമായി ഉപയോഗിക്കുന്നു.

തിറയുത്സവത്തിന്റെ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി പൂതം കെട്ടി വീടുകള്‍ കയറിയിറങ്ങുന്ന പതിവുണ്ട്. കാവേറ്റം അഥവാ കാവില്‍ കയറല്‍ ചടങ്ങ് ഈ അനുഷ്ഠാനത്തിന്റെ പ്രധാനഭാഗമാണ്. 

തിറയുടെ മുടി അര്‍ദ്ധവൃത്താകൃതിയിലുള്ളതാണ്. മുടിക്കും 'തിറ' എന്നു പറയും. കനം കുറഞ്ഞ മരമുപയോഗിച്ചാണ് പൂതത്തിന്റെ മുടിയും മറ്റും നിര്‍മ്മിക്കുന്നത്. നാവ് പുറത്തേക്കു തള്ളിനില്‍ക്കുന്ന രൂപത്തിലുള്ള മുഖം മൂടി ധരിക്കും. ചെങ്ങണപുല്ല്, പീലിത്തണ്ട്, പൂക്കണ്ണാടി വിവിധതരം ചായങ്ങള്‍ ഇവ അലങ്കാരത്തിനായി ഉപയോഗിക്കും. ധാരാളം ആഭരണങ്ങളും പൂതം അണിയാറുണ്ട്. കരിവള, കൈവള, തോള്‍വള, മാര്‍ത്താലി, അരത്താലി തുടങ്ങിയ ആഭരണങ്ങള്‍ അണിയാറുണ്ട്. കഥകളിയോടു സമാനമായ വസ്ത്രരീതിയാണ് പൂതത്തിന്റേത്. മഞ്ഞള്‍ മുക്കിയ അടിവസ്ത്രവും ഉടുത്തുകെട്ടുമാണ് വസ്ത്രധാരണരീതി. പൊന്തക്കോലും, പരിശയും കൈയിലുണ്ടാവും.

നല്ല മെയ്വഴക്കമുളള കലാകാരന്മാരാണ് ഈ അനുഷ്ഠാനം അവതരിപ്പിക്കുന്നത്. അവതരണത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണമായ ചുവടുകളും പ്രകടനങ്ങളും നടത്താറുണ്ട്. ചിലമ്പാട്ടം, തെരുപ്പറക്കല്‍, കുതിരച്ചാട്ടം, മുതലച്ചാട്ടം, പിണങ്കാല്, അടിവാള്‍, വെട്ടിമലക്കം തുടങ്ങിയ ചുവടുകള്‍ ഇതിന്റെ ഭാഗമായുള്ള പ്രകടനങ്ങളാണ്.

കേരളത്തിലെ പല പ്രദേശങ്ങളിലും പൂതം എന്ന അനുഷാഠാനം കണ്ടുവരുന്നുണ്ട്. പാണ സമുദായക്കാരുടെ പൂതന്‍, പറയ സമുദായക്കാരുടെ പറപൂതന്‍, ചില ആദിവാസികളുടെ ഇടയിലുള്ള നായാടിപൂതം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഉത്തര കേരളത്തിലെ തെയ്യക്കോലങ്ങളുടെ ഇടയിലും വിവിധതരം പൂതങ്ങളുണ്ട്.