പുതുപ്പള്ളി പെരുന്നാള്‍ - സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ വിഖ്യാതമാണ്. ഉത്സവത്തിനു പത്തു ദിവസം മുമ്പു തന്നെ കൊടിയേറും. പുതുപ്പള്ളിയില്‍ നിന്നും ഏരിക്കാട്ടു നിന്നുമുള്ള രണ്ടു കൊടികള്‍ നാട്ടുന്നതോടെ പെരുന്നാളിനു തുടക്കമിട്ടുവെന്നു പറയാം. കൊടി നാട്ടിക്കഴിഞ്ഞാല്‍ പത്തു ദിവസവും ചെണ്ടമേളവും, കതിനാവെടിയും, കുര്‍ബാനയും സന്ധ്യാനമസ്കാരവും ഉണ്ടാകും. വിറകിടീല്‍, വെച്ചൂട്ട്, നേര്‍ച്ച വിളമ്പ് എന്നിവ പ്രധാന ചടങ്ങുകളാണ്. ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്നത് വെച്ചൂട്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന കോഴികളും അപ്പവുമാണ് വെച്ചൂട്ടിനുപയോഗിക്കുന്നത്. പുതുപ്പള്ളിയില്‍ നിന്നും ഏരിക്കാട്ടു നിന്നും ആഘോഷത്തോടെ വിറകു കൊണ്ടുവരുന്നത് 'വിറകിടീല്‍' എന്ന ചടങ്ങാണ്. സ്വര്‍ണ്ണക്കുരിശ് ആചാരാനുഷ്ഠാനങ്ങളോടെ എഴുന്നെള്ളിക്കുന്ന പ്രദക്ഷിണ ചടങ്ങാണ് 'റാസ'. കത്തിച്ച മെഴുകു തിരികളും മുത്തുക്കുടകളും പേറിയ ഭക്തര്‍ അനുഗമിക്കുന്ന ഘോഷയാത്രയെ ബാന്റ് മേളക്കാര്‍ അകമ്പടി സേവിക്കും. സായാഹ്നത്തിലെ ദീപക്കാഴ്ചയോടെ സമാപനം.