രാജാരവിവര്‍മ്മ (1848 - 1906)1848 ഏപ്രില്‍ 29ന് തിരുവനന്തപുരത്തെ കിളിമാനൂര്‍ കൊട്ടാരത്തിലാണ് ലോകപ്രസിദ്ധ ചിത്രകാരനായ രാജാരവിവര്‍മ്മ ജനിച്ചത്. അമ്മാവനും ആദ്യ ഗുരുവുമായ രാജരാജവര്‍മ്മ, തറയില്‍ ചുണ്ണാമ്പുകൊണ്ട് വരപ്പിച്ചാണ് പരിശീലനം നല്‍കിയത്. പിന്നീട് തിരുവനന്തപുരത്തു താമസിച്ച് രവിവര്‍മ്മ ചിത്രകലാപഠനം തുടര്‍ന്നു. 1868-ല്‍ തിരുവനന്തപുരം കൊട്ടാരത്തില്‍ എത്തിയ തിയഡൊര്‍ ജെന്‍സണ്‍ എന്ന ഡച്ചുചിത്രകാരനില്‍ നിന്നും എണ്ണച്ചായരചനാരീതിയും, പാശ്ചാത്യ ചിത്രശൈലിയും പഠിച്ചു. തുടര്‍ന്നു വരച്ച എണ്ണച്ചായചിത്രങ്ങള്‍ (മുല്ലപ്പൂച്ചൂടിയ നായര്‍ സ്ത്രീ, തമിഴ് മഹിളയുടെ സംഗീതാലാപനം, ദാരിദ്ര്യം, ശകുന്തളയുടെ പ്രേമവീക്ഷണം എന്നിയയെല്ലാം) അംഗീകാരവും പ്രശസ്തിയും നേടിക്കൊടുത്തു.

ബറോഡാ മഹാരാജാവിന്റെ ഉപദേശകന്‍ ആയിരുന്ന മാധവറാവുമായുള്ള സൗഹൃദം രാജാരവിവര്‍മ്മയ്ക്ക് കൂടുതല്‍ അവസരം നല്‍കി 01.08.80-ല്‍ മാധവറാവുവിന്റെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ രവിവര്‍മ്മയുടെ ചില ചിത്രങ്ങള്‍ ബറോഡയ്ക്കു വേണ്ടി വാങ്ങിയതാണ് സൗഹൃദത്തിനു തുടക്കമായത്. രവിവര്‍മ്മചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യശേഖരം ഇന്നും ബറോഡാരാജകുടുംബത്തിലാണ് ഉള്ളത്.

ചിത്രകാരനെന്ന രീതിയില്‍ അഖിലഭാരതപ്രശസ്തി നേടിയതോടെ ചിത്രങ്ങള്‍ മുദ്രണം ചെയ്ത് എല്ലാവരിലും കുറഞ്ഞ വിലയ്‌ക്കെത്തിക്കുവാന്‍ ശ്രമം തുടങ്ങുകയും അതിനായി 1894-ല്‍ ബോംബെയില്‍ വിദേശത്തു നിന്നുള്ള ഓലിയോഗ്രാഫിക് പ്രസ്സ് സ്ഥാപിക്കുകയും ചിത്രങ്ങള്‍ മുദ്രണം ചെയ്തു തുടങ്ങുകയും ചെയ്തു. 1897 - ല്‍ ബോംബെയിലും പൂനെയിലും പ്ലേഗ് രോഗം പടര്‍ന്നതോടെ പ്രസ് അടച്ചു പൂട്ടി 1901 - ജനുവരിയില്‍ പ്രസ്സും 80 ലധികം ചിത്രങ്ങളുടെ പ്രസാധനാവകാശവും വില്‍ക്കേണ്ടതായും വന്നു.

ഭാരതത്തിലെ പല രാജാക്കന്‍മാരും പല ബ്രിട്ടീഷ് പ്രമുഖന്മാരും രാജാരവിവര്‍മ്മയെ ചിത്രമെഴുതാന്‍ ക്ഷണിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രകലാ പാടവത്തിനുള്ള അംഗീകാരമായി 'കേസര്‍-ഇ-ഹിന്ദ്' എന്ന ബഹുമതി 1904-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കി. ഒരു കലാകാരന് ഈ ഉന്നത ബഹുമതി ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു.

ഹംസ - ദമയന്തി, സീതാസ്വയംവരം, സീതാപഹരണം, സീതാഭൂപ്രവേശം, ശ്രീരാമപട്ടാഭിഷേകം, വിശ്വമിത്രനും മേനകയും, ശ്രീകൃഷ്ണ ജനനം, രാധാമാധവം, അര്‍ജ്ജുനനും സുഭദ്രയും തുടങ്ങിയവയാണ് രാജാരവിവര്‍മ്മയുടെ പ്രധാന പുരാണ ചിത്രങ്ങള്‍. സ്‌നാനം കഴിഞ്ഞ സ്ത്രീ, നര്‍ത്തകി, വിദ്യാര്‍ത്ഥി, ഇന്ത്യയിലെ സംഗീതജ്ഞര്‍, അച്ഛന്‍, ഉദയപ്പൂര്‍ കൊട്ടാരം തുടങ്ങി അനേകം പ്രശസ്ത ചിത്രങ്ങളും രചിച്ചിട്ടുണ്ട്. സമൃദ്ധമായ ചിത്രരചനയില്‍ മുഴുകിയ അദ്ദേഹം 1906 ഒക്ടോബര്‍ 2-ന് കിളിമാനൂരില്‍ അന്തരിച്ചു.