ശാസനങ്ങള്‍


രാമേശ്വരം ശാസനം

കൊല്ലത്തെ രാമേശ്വരം ശിവക്ഷേത്രത്തിലെ ശിലാശാസനം. കൊല്ലവര്‍ഷം 278 ചിങ്ങമാസം (എ.ഡി. 1102) രാമതിരുവടി കൊല്ലത്ത് പനങ്കാവില്‍ കൊട്ടാരത്തില്‍ താമസമാക്കിയതായി ഇതില്‍ പറയുന്നു. രാമതിരുവടികള്‍ ഊരാളരായ നമ്പൂതിരിമാരോട് പ്രവര്‍ത്തിച്ച ഏതോ അപരാധത്തിന്റെ ('ആയിരവരോടു വന്ന വിരോതത്തിന്') പ്രായശ്ചിത്തമായി, നാലുതളികളും ആര്യബ്രാഹ്മണരും കൂടിയിരുന്ന് ആലോചിച്ച്, നിത്യം ഒരു പറ നെല്ല് ക്ഷേത്രത്തിലേക്ക് ലഭിക്കത്തക്കവണ്ണം വസ്തുക്കള്‍ രാജാവ് കൊടുക്കണമെന്ന് പിഴ വിധിച്ചതായാണ് ശാസനത്തില്‍ പറയുന്നത്. രാജാവിന്റെ മേല്‍പോലും അധികാരം ചെലുത്താന്‍ കഴിയുമാറ് ബ്രാഹ്മണശക്തി വളര്‍ന്നതിന്റെ തെളിവുകൂടിയാണ് ഈ രേഖ.

ഒടുവിലത്തെ കുലശേഖരപ്പെരുമാളായ രാമവര്‍മ്മയും രാമേശ്വരം ശാസനത്തിലെ രാമതിരുവടിയും ഒരാളാണെന്നു കരുതുന്നു. ചോളച്ചാരുമായുണ്ടായ യുദ്ധത്തിനിടയിലായിരിക്കാം രാമവര്‍മ്മകുലശേഖരന്‍ തലസ്ഥാനമായ മഹോദയപുരത്തുനിന്ന്, സാമ്രാജ്യത്തിനു കീഴിലെ നാടായിരുന്ന വേണാടിന്റെ ആസ്ഥാനമായ കൊല്ലത്തേക്ക് താമസം മാറ്റിയത്. മഹോദയപുരം തകര്‍ന്നടിഞ്ഞ ശേഷം കുറേക്കാലം കൊടുങ്ങല്ലൂര്‍ നെടിയതളിയില്‍ കുലശേഖരകോയിലധികാരികള്‍ താമസിച്ചിരുന്നതായി പെരുന്ന ശാസനത്തില്‍ പറയുന്നുണ്ട്. ഈ കുലശേഖര കോയിലധികാരികളും രാമതിരുവടിയും ഒരാള്‍ തന്നെയാകാം. രാമതിരുവടി (രാമവര്‍മ്മ കുലശേഖരന്‍) യുടെ കാലത്തോടെയാണ് വേണാട് സ്വതന്ത്രരാജ്യമായത്.