ഗുഹാചിത്രങ്ങള്‍


ശരാശരി മുക്കാലിഞ്ചു മുതല്‍ ഒരിഞ്ചു വരെ വീതിയും ഒരിഞ്ച് ആഴവുമുള്ള, രണ്ടറ്റവും കൂര്‍ത്ത, വരകള്‍ ഗുഹാഭിത്തിയില്‍ ഉരച്ചു വരച്ചുണ്ടാക്കി അതില്‍ തീര്‍ത്തതാണ് മിക്കചിത്രങ്ങളും. വയനാട്ടിലെ അമ്പലവയലിനടുത്ത അമ്പുകുത്തിമലയിലെ എടയ്ക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ മനുഷ്യരുടെ അനുഷ്ഠാന രീതിയിലുള്ള നൃത്ത രൂപങ്ങളാണ്. ഇലകള്‍ കൊണ്ട് രൂപം കൊടുത്തതുപോലുള്ള മുടിയലങ്കാരങ്ങളാണ് ഇവയില്‍ കാണുന്ന പ്രത്യേക ആകര്‍ഷണം. ആന, കാട്ടുപോത്ത്, കുതിര, വേട്ടപ്പട്ടി, മാന്‍, തുടങ്ങിയ മൃഗങ്ങളും ചില പക്ഷികളും അരക്കാലുള്ള ചക്രങ്ങള്‍, ചക്രങ്ങളുള്ള വണ്ടി തുടങ്ങിയവയും ഈ ഗുഹാചിത്രങ്ങളില്‍ കാണാം. നവീന ശിലായുഗത്തിലാണ് എടയ്ക്കല്‍ഗുഹാചിത്രങ്ങള്‍ വരയ്ക്കപ്പെട്ടതെന്നാണ് വിശ്വാസം. ഇടുക്കിയിലുള്ള മറയൂരിലെ എഴുത്താലൈ, തിരുവനന്തപുരത്തെ പെരുങ്കടവിളയിലുള്ള പാണ്ഡവന്‍പാറ, കൊല്ലം ജില്ലയിലെ തെന്മലയിലുള്ള ചെന്തരുണിവനം എന്നീ ഗുഹകളിലും ഇത്തരം ചിത്രങ്ങള്‍ കാണാം. പാറച്ചുവരില്‍ കൊത്തി എടുത്തതോ, കോറി വരച്ചതോ, മറ്റേതെങ്കിലും മാദ്ധ്യമം കൊണ്ടു വരച്ചതോ, ആണ് ഈ ചിത്രങ്ങള്‍. ഒന്നിനുമുകളില്‍ ഒന്നെന്ന നിലയില്‍ വരച്ചിരിക്കുന്നതിനാല്‍ ഇവ വ്യത്യസ്ത കാലഘട്ടങ്ങളിലേതാണെന്ന്  അനുമാനിക്കപ്പെടുന്നു.