സാംസ്കാരിക കേരളം

അടപായസം

വളരെ സ്വാദിഷ്ടമായ അടപായസം എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്നതും സദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്തതുമായ ഒരു ഇനവുമാണ്.

ചേരുവകള്‍

ഉണക്കലരി    -  250 ഗ്രാം
ശര്‍ക്കര         -   750 ഗ്രാം
ഏലക്കായ്     -  15 എണ്ണം
തേങ്ങ             -  3 എണ്ണം
നെയ്യ്              -  200 ഗ്രാം
വാഴയില        -   10 കഷ്ണം
ഉണക്കമുന്തിരി   -  30 ഗ്രാം
അണ്ടിപരിപ്പ്    - 50 ഗ്രാം

തയ്യാറാക്കുന്ന വിധം

അട ഉണ്ടാക്കുന്നവിധം

അരി അരമണിക്കൂറെങ്കിലും കുതിര്‍ത്ത് വെള്ളം കളഞ്ഞ് നല്ലപോലെ തരിയില്ലാതെ അരച്ചെടുക്കുക. വാഴയില തീയില്‍ കാണിച്ച് വാട്ടിയെടുക്കുക. 100 ഗ്രാം ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് അരി അരച്ചതില്‍ ചേര്‍ത്ത് ദോശ പരവുത്തില്‍ കലക്കി എടുക്കുക. വാട്ടിയ വാഴയിലയില്‍ കൈകൊണ്ട് മാവ് കോരി വളരെ നേര്‍മ്മയായി ഒഴിക്കുക. എന്നിട്ട് വാഴയില ചുരുട്ടി രണ്ടറ്റവും നേര്‍ത്ത വാഴനാരു കൊണ്ട് കെട്ടുക. ഇതിനെ ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലോട്ട് ഇടുക. അരമണിക്കൂര്‍ വേവിയ്ക്കുക. വെന്തശേഷം  അട വെളളത്തില്‍ നിന്നും മാറ്റി തണുത്ത വെള്ളം ഒഴിച്ച് തണുപ്പിക്കുക. ഇലയില്‍ നിന്നും അട മാത്രം അടര്‍ത്തിയെടുക്കുക.

പായസം തയ്യാറാക്കുന്ന വിധം

ഒരു ഉരുളിയില്‍ വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കുക. അട ചെറുകഷണങ്ങളാക്കുക. ശര്‍ക്കര പാതി തിളച്ച് കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ അട ചേര്‍ക്കുക. നെയ്യ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി കൊണ്ടേയിരിക്കുക. ഇതേ സമയം ചിരകിയ തേങ്ങില്‍ നിന്നും 2 കപ്പ് ഒന്നാം പാല്‍, 4 കപ്പ് രണ്ടാം പാല്‍, 4 കപ്പ് മൂന്നാം പാല്‍ എടുക്കുക. ശര്‍ക്കര അടയുമായി ചേര്‍ത്ത് കട്ടിയാകുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ക്കുക. ഇളക്കി കൊണ്ടേയിരിക്കുക. പിന്നെ 4 കപ്പ് രണ്ടാം പാലും അത് കുറച്ചു കുറുകിവരുമ്പോള്‍ 2 കപ്പ് ഒന്നാം പാലും ചേര്‍ക്കുക. പൊടിച്ചെടുത്ത ഏലയ്ക്കാപൊടി ചേര്‍ക്കുക, നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പും ഉണക്കമുന്തിരി  ചേര്‍ക്കുക. പായസം തയ്യാര്‍.