സാംസ്കാരിക കേരളം

ചട്ടി പത്തിരി (അടക്കു പത്തിരി)

ചേരുവകള്‍
പത്തിരിക്കുവേണ്ടി
മൈദ -  2 കപ്പ്
മുട്ട   -   1 എണ്ണം
വെള്ളം -  ആവശ്യത്തിന്

നിറയ്ക്കാന്‍  വേണ്ടി
എല്ലില്ലാത്ത കോഴി കഷണങ്ങള്‍ - 500 ഗ്രാം
സവാള  - 1 കപ്പ് (ചെറുതായി അരിഞ്ഞത്)
മഞ്ഞള്‍പൊടി   -  ½ ടീസ്പൂണ്‍
മല്ലിപൊടി  - 1 ടീസ്പൂണ്‍
മുളകുപൊടി  - ½ ടീസ്പൂണ്‍
ഗരം മസാലപൊടി   - ¼ ടീസ്പൂണ്‍
പച്ചമുളക്  -  2 ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്   -  1 ടീസ്പൂണ്‍
മല്ലിയില -  ¼ കപ്പ് (ചെറുതായി നുറുക്കിയത്)
കുരുമുളക് പൊടി   - ¼ ടീസ്പൂണ്‍
വെള്ളം, ഉപ്പ്   - ആവശ്യത്തിന്

മുട്ട മസാലയ്ക്കുവേണ്ടി
മുട്ട  -  3 എണ്ണം
സവാള  - 1 എണ്ണം കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക്  -  4  എണ്ണം ചെറുതായി അരിഞ്ഞത്
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ  -  3 ടീസ്പൂണ്‍

മുകള്‍ഭാഗം കവര്‍ ചെയ്യാന്‍ വേണ്ടുന്ന സാധനങ്ങള്‍
മുട്ട  -  3 എണ്ണം
പാല്‍ - ¼ കപ്പ്
നെയ്യ്  -  3 ടീസ്പൂണ്‍
വെളിച്ചെണ്ണ  -  4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ആദ്യം കോഴികഷണങ്ങള്‍ വൃത്തിയായി എടുക്കുക. അടുത്തതായി ഇതില്‍ കുറച്ച് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഉപ്പ് ഇവ ചേര്‍ത്ത് അരച്ച് വെള്ളം ഒഴിച്ച് വേവിക്കുക. തണുത്ത ശേഷം വേവിച്ച കഷണങ്ങള്‍ ഇടത്തി എടുക്കുക. അതായത് ചിക്കി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ 2 ടീസ്പൂണ്‍ ഒഴിച്ച് സവാള, ചുവക്കെ വഴറ്റുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ബാക്കിയുള്ള മുളകുപൊടി, മല്ലിപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ക്കുക. പച്ചമണം മാറി വരുമ്പോള്‍ ചെറുതായി ചിക്കി വച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ജലാംശം മുഴുവന്‍ മാറി വരണം. ഇനി ഗരംമസാലപൊടി ചേര്‍ക്കുക. പച്ച കൊത്തമല്ലിയില ചെറുതായി അരിഞ്ഞു ചേര്‍ക്കണം.

അടുത്തതായി മുട്ട, ഉപ്പ്, പച്ചമുളക് അരിഞ്ഞത്, സവാള, കറിവേപ്പില ചേര്‍ത്ത് നല്ലപോലെ പതപ്പിച്ച് വയ്ക്കുക. ചീനച്ചട്ടിയില്‍ 2 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുട്ട മിശ്രിതം ചേര്‍ത്ത് 2 മിനിട്ട് വേവിക്കുക. പിന്നെ  ചിക്കി പൊരിച്ച് എടുക്കുക.

ഒരു പാത്രത്തില്‍ മൈദ ഒരു മുട്ട ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ലപോലെ കലര്‍ത്തി വയ്ക്കുക. ഒരു നോണ്‍സ്റ്റിക് ദോശപാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി ആദ്യം ഒരു തവി മാവ് ഒഴിച്ച് കട്ടികുറഞ്ഞ ദോശപോലെ നിരത്തുക. അവസാന കോട്ടിങ്ങിനായി 3 മുട്ട, പാല്‍ ഇവ ചേര്‍ത്ത് നല്ലപോലെ പതപ്പിച്ച് വച്ചിരിക്കണം. ഇനി അവസാന ലെയറിങ്ങ് ചെയ്യണം. ഇതിനായി  ചുവടു  കട്ടിയുള്ള ഒരു പാത്രമോ നോണ്‍സ്റ്റിക് പാനോ എടുക്കുക. എല്ലാ  ലയറുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാത്രമായിരിക്കണം. ഇനി പാത്രം ചൂടാക്കി നെയ്യ് കൊണ്ട് നല്ലപോലെ പുരട്ടണം. അടിഭാഗവും വശങ്ങളിലും  പത്തിരിയുടെ  ആകൃതിയില്‍ ഉണ്ടാക്കിയ ഓരോന്നും മുട്ട, പാല്‍ മിശ്രിതത്തില്‍ മുക്കി അടിയില്‍ വയ്ക്കുക. ഇത് ആദ്യത്തെ ലയറാണ്.  ഇതിനുമുകളിലായി കോഴിമിശ്രിതം ഒരു സ്പൂണ്‍ നിറയെ എടുത്ത് നിരത്തുക. ഇതിനു മുകളില്‍ അടുത്ത പത്തിരി മുട്ട, പാല്‍ മിശ്രിതത്തില്‍  മുക്കി ഫില്ലിംഗിനു മുകളില്‍ വയ്ക്കുക. ഇതിനു മുകളിലായി മുട്ട ചിക്കിയത് ഒരു സ്പൂണ്‍ നിറയെ എടുത്ത് നിരത്തുക. ഇത്തരത്തില്‍  എല്ലാ ഫില്ലിംഗും പത്തിയും അടുക്കി അടുക്കി നിരത്തുക. അവസാനം മുട്ടപാല്‍ മിശ്രിതം മുകളിലൂടെ ഒഴിക്കുക. അത് എല്ലാ വശങ്ങളും  കവര്‍ ചെയ്ത് നല്ലൊരു കവറിംഗ് ആകും. ഇനി അടപ്പ് വച്ചടച്ച് ചെറുതീയില്‍ വേവിക്കുക. അങ്ങനെ അടുക്കുപത്തിരികള്‍ ശരിക്കും  പിടിച്ച ശേഷം അതായത് ഏതാണ്ട് 15 മുതല്‍ 20 മിനിട്ടുവരെ പിന്നെ ഈ പത്തിരി ചട്ടിക്കുമുകളില്‍ ആ വലിയ പാത്രംവച്ച് പത്തിരി നേരെ  തിരിച്ചു കമഴ്ത്തുക. അപ്പോള്‍ പത്തിരിയുടെ അടിഭാഗം  മുകളില്‍ വരും. പത്തിരിപാത്രം ഒന്നുകൂടി നെയ്യ് തടവി പിന്നെയും പത്തിരി ഇതിലേക്കു  കമഴ്ത്തുക. അങ്ങനെ അടുക്കു പത്തിരിയുടെ എല്ലാ വശങ്ങളും ഒരുപോലെ വെന്തു മൊരിഞ്ഞിരിക്കും. വളരെ സൂക്ഷിച്ച് പത്തിരി നല്ലൊരു പാത്രത്തില്‍  വച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം. വളരെ വ്യത്യസ്തവും രുചിയില്‍ മുന്നിട്ടു നില്ക്കുന്നതുമായ ഈ വിഭവം  മലബാറുകാരുടെ സ്വന്തം വിഭവമായിട്ടാണ്‍ അറിയപ്പെടുന്നത്.


സാംസ്‌കാരിക വാർത്തകൾ