സാംസ്കാരിക കേരളം

ഇറച്ചിപത്തിരി

ചേരുവകള്‍

കൊത്തിയരിഞ്ഞ ഇറച്ചി  - ½ കപ്പ്
സവാള കൊത്തിയരിഞ്ഞത്  - 4 എണ്ണം
കൊത്തിയരിഞ്ഞ പച്ചമുളക്  -  3 എണ്ണം
ഇഞ്ചി  - 1½ ടീസ്പൂണ്‍
വെളുത്തുള്ളി  - 1 ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി  - ¼ ടീസ്പൂണ്‍
മല്ലിയില ചെറുതായി അരിഞ്ഞത്  -  1 ടീസ്പൂണ്‍
കറിവേപ്പില ചെറുതായി അരിഞ്ഞത് - 1 ടീസ്പൂണ്‍
എണ്ണ - ¼ കപ്പ്
പുതിനയില -  1 ടീസ്പൂണ്‍
മൈദ - 1 കപ്പ്
ഉപ്പ് , വെള്ളം - ആവശ്യത്തിന്
മുട്ട  - 5 എണ്ണം
ഏലക്കായ് പൊടി    - ¼ ടീസ്പൂണ്‍
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കൊത്തിയരിഞ്ഞ ഇറച്ചി മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പ് വെള്ളം ചേര്‍ത്ത് വേവിക്കണം. നല്ലപോലെ വെന്ത് വെള്ളം വറ്റണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള ഇവ വഴറ്റിയെടുക്കുക. ഉള്ളി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതില്‍ ഇറച്ചി ചേര്‍ത്ത് നല്ലപോലെ വഴറ്റിയെടുക്കുക. മൈദയില്‍ വെള്ളം ഉപ്പ് ചേര്‍ത്ത് പൂരിയ്ക്കു കുഴയ്ക്കുന്ന പരുവത്തില്‍ കുഴക്കണം. ഇതിനെ ചെറിയ ഉരുളകളാക്കി (പൂരിയ്ക്കെന്നപോലെ)  ഇറച്ചി മിശ്രിതം 1 സ്പൂണ്‍ വീതം വച്ച് വേറൊരു മാവ് വച്ച് മൂടി എല്ലാ വശവും അമര്‍ത്തി ഒട്ടിക്കുക. ഒരു പാത്രത്തില്‍ മുട്ട, പഞ്ചസാര, ഏലക്കായ് പൊടി ഇവ പതപ്പിച്ച് ഓരോ പത്തിരിയിലും സ്പൂണ്‍കൊണ്ട് മുട്ട മിശ്രിതം രണ്ടു വശത്തും ഒരുപോലെ പുരട്ടി എണ്ണ കുറച്ച് ദോശക്കല്ലില്‍ ഒഴിച്ച് പത്തിരി രണ്ടുവശവും നല്ലപോലെ പൊരിച്ച് എടുക്കണം. സ്വാദിഷ്ടമായ ഇറച്ചിപത്തിരി തയ്യാര്‍. ഇത് തക്കാളി സോസ് കൂട്ടി കഴിക്കാവുന്നതാണ്. ഇതേ തരത്തില്‍ മീന്‍ വച്ച് മീന്‍ പത്തിരി ഉണ്ടാക്കാം.