സദ്യകേരളത്തിലെ പരമ്പരാഗത രീതിയിലുള്ള വിഭിന്ന സസ്യാഹാര വിഭവങ്ങള്‍ ഓരോന്നും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഭക്ഷണശൈലിയാണ് സദ്യ. ചോറും വിവിധതരം കറികളും, അച്ചാറുകളും, വറ്റലുകളും, പായസവും മറ്റും വാഴയിലയില്‍ വിളമ്പുന്നു. ഉണ്ണാനിരിക്കുന്നയാളുടെ ഇടതുവശത്ത് അഗ്രം വരത്തക്ക വിധമാണ് ഇലയിടുക. ഇലയുടെ പകുതിക്കുമുകളിലായി ഉപ്പേരി, തോരന്‍, അവിയല്‍, കിച്ചടി, പച്ചടി, അച്ചാറുകള്‍, ഓലന്‍, പുളിയിഞ്ചി തുടങ്ങിയവ വിളമ്പുന്നു. പകുതിയ്ക്കു താഴെ ചോറു വിളമ്പുന്നു. ആദ്യം വിളമ്പുന്ന പരിപ്പുകറിയോടൊപ്പം നെയ്യും വിളമ്പും. പിന്നീട് വിവിധ പച്ചക്കറികളും സവാളയും ഒപ്പം തുവരപ്പരിപ്പും, മല്ലി, മുളക്, കായം, പുളി, ഉലുവ എന്നിവയും ചേര്‍ത്തുണ്ടാക്കിയ സാമ്പാര്‍ വിളമ്പുന്നു. സദ്യയിലെ പ്രധാനവിഭവമായ അവിയല്‍ ഉണ്ടാക്കുന്നത് പച്ചക്കറികളും തേങ്ങയും വെളിച്ചെണ്ണയും ചേര്‍ത്താണ്.

പിന്നീട് വിളമ്പുന്ന പായസം പല തരത്തിലുണ്ട്. അട, കടല, ഗോതമ്പ്, അരി, പഴുത്ത ചക്ക വരട്ടിയത്, പഴം വരട്ടിയത് എന്നിവയിലേതെങ്കിലും കൊണ്ട് ശര്‍ക്കര ചേര്‍ത്ത് ശര്‍ക്കര പായസവും, അട, അരി, എന്നിവ പാലും പഞ്ചസാരയും ചേര്‍ത്ത് പാല്‍പായസവും ഉണ്ടാക്കാം. പായസത്തിനൊപ്പമാണ് പഴം കഴിക്കേണ്ടത്. പിന്നീട് ചോറില്‍ക്കൂട്ടുന്നതിനായി രസവും, അതിനു ശേഷം തൈരില്‍ നിന്നുണ്ടാക്കുന്ന കാളനും, ഏറ്റവും ഒടുവില്‍ മോരും. ഇതോടെ സദ്യ പൂര്‍ണ്ണമാകും.