സാംസ്‌കാരിക സ്ഥാപനങ്ങള്‍


കേരള സാഹിത്യ അക്കാദമി

ഭാഷാസാഹിത്യരംഗങ്ങളില്‍ സേവനതത്പരതയോടെ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയെന്ന നിലയില്‍ 1954 മാര്‍ച്ച് 12-ന് ന്യൂഡല്‍ഹി ആസ്ഥാനമായി കേന്ദ്രസാഹിത്യ അക്കാദമി രൂപവത്കരിച്ചു.

ഭാരതീയസാഹിത്യപോഷണം എന്ന ലക്ഷ്യം നിറവേറ്റണമെങ്കില്‍ വിവിധ പ്രാദേശികഭാഷകളിലുള്ള സാഹിത്യത്തിന്റെ അഭിവൃദ്ധിയും അഭ്യുന്നതിയും ഫലപ്രദമാകണം. ഇതിനായി സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1956 ആഗസ്റ്റ് 15-ന് അന്നത്തെ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാര്‍ കേരളസാഹിത്യഅക്കാദമി സ്ഥാപിച്ചു. ഇന്ത്യയില്‍ പ്രാദേശികതലത്തില്‍ ആദ്യമായി രൂപം കൊണ്ട സാഹിത്യഅക്കാദമി കേരളസാഹിത്യഅക്കാദമിയാണ്. തിരുവനന്തപുരത്തെ കനകക്കുന്നു കൊട്ടാരത്തില്‍ വച്ച് തിരുവിതാംകൂര്‍ കൊച്ചി രാജപ്രമുഖന്‍ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് 1956 ഒക്ടോബര്‍ 15-ന് കേരളസാഹിത്യഅക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

1956 നവംബര്‍ 1-ന് കേരളസംസ്ഥാനം രൂപം കൊണ്ടതിനാല്‍ മലബാര്‍പ്രദേശത്തുനിന്നുള്ള അംഗങ്ങളെയും ഉള്‍പ്പെടുത്തിയതിനു ശേഷമാണ് അതിന്റെ ഭരണപരമായ പ്രവര്‍ത്തനം ആരംഭിച്ചത്. 1957 മാര്‍ച്ച് 23-ന് അക്കാദമിയുടെ സമ്പൂര്‍ണ്ണയോഗം ചേര്‍ന്നു.

മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ പലരും അക്കാദമിയുടെ നേതൃത്വം വഹിച്ചിട്ടുണ്ട്.

ഗ്രന്ഥാലയം
കേരളസാഹിത്യഅക്കാദമിയുടെ സമ്പാദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ ഗ്രന്ഥശേഖരം. ഡിജിറ്റല്‍ ലൈബ്രറി 2008-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോക്കല്‍ ലൈബ്രറി നെറ്റ് വര്‍ക്ക്, ഇന്‍റര്‍നെറ്റ്, അപൂര്‍വ്വവും മൂല്യവത്തുമായ പുസ്തകങ്ങളുടെ ഇ-ബുക്ക്, ഇ-ജേണല്‍ തുടങ്ങിയ സൗകര്യങ്ങളും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

2500 അപൂര്‍വ്വപുസ്തകങ്ങളും മലയാളത്തിലെ ആദ്യകാലആനുകാലികങ്ങളായ രസികരജ്ഞിനി, മംഗളോദയം, ലക്ഷ്മീഭായി, സമസ്തകേരള സാഹിത്യപരിഷത്ത്, ഉണ്ണി നമ്പൂതിരി, വിദ്യാവിനോദിനി, കൈരളി, വിവേകാദയം, ആത്മപോഷിണി, രാജശ്രീ, കവനകൗമുദി, ഭാഷാപോഷിണി (പഴയത്), സത്യനാദകാഹളം, സ്വദേശാഭിമാനി, സാഹിത്യ തിലക്, മിതവാദി, ചരകസംഹിത, പ്രബുദ്ധകേരളം, ജയകേരളം എന്നീ മാസികകളും ഡിജിറ്റൈസേഷനിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കുന്നു.

അക്കാദമിയില്‍ അന്തരിച്ച പ്രമുഖരായ എഴുത്തുകാരുടെ എണ്ണച്ചായാചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ മണ്‍മറഞ്ഞ 250 സാഹിത്യപ്രതിഭകളുടെ ജീവചരിത്രക്കുറിപ്പ്, ഫോട്ടോകള്‍, കൈപ്പട, പുസ്തകങ്ങളുടെ ലിസ്റ്റ്, പ്രധാനപുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു ഇന്‍ററാക്ടീവ് സി.ഡി. അക്കാദമി തയ്യാറാക്കിയിട്ടുണ്ട്.

അപ്പന്‍തമ്പുരാന്‍ സ്മാരകമന്ദിരം 1976-ല്‍ സാഹിത്യഅക്കാദമി ഏറ്റെടുത്തു. ഡോ. അഴീക്കോട് സ്മാരകം 2013 മെയ് 5-ന് സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള സാഹിത്യ അക്കാദമിയെ ഏല്‍പ്പിച്ചു.

മലയാളഭാഷയ്ക്കും കേരളസംസ്കാരത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന അനേകം ഗ്രന്ഥങ്ങള്‍ അക്കാദമി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളഭാഷാഗാനങ്ങള്‍ മൂന്നു ഭാഗങ്ങള്‍, പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം, സാഹിത്യകാര ഡയറക്ടറി, കേരളത്തിലെ പക്ഷികള്‍, നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം, നാലുഭാഗങ്ങള്‍, അമരകോശം, പാരമേശ്വരീവ്യാഖ്യാനം, കെ.ടി.യുടെ നാടകസമാഹാരം, സി.ജെയുടെ നാടകങ്ങള്‍, സാഹിത്യചരിത്രങ്ങള്‍ (കവിത, നോവല്‍, ചെറുകഥ, നാടകം, അറബിക്, ഇംഗ്ലീഷ്, മലയാളഗ്രന്ഥസൂചി, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം, തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമയണം, കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ എന്നിവ അക്കാദമി പ്രസിദ്ധീകരിച്ച കൃതികളില്‍ ചിലവയാണ്. 1976-ലാണ് സാഹിത്യചക്രവാളംമാസികയുടെ പ്രസിദ്ധീകരണമാരംഭിച്ചത്.

കേരളസാഹിത്യഅക്കാദമിയെക്കുറിച്ച്‌ കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.