സാംസ്‌കാരിക സ്ഥാപനങ്ങള്‍


സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, ചെറായി

ചെറായിലെ സഹോദരന്‍ സ്മാരകം 1985-ല്‍ സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു.

വൈപ്പിന്‍-മുനമ്പം സംസ്ഥാനപാതയില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ കിഴക്ക് പുഴയോരത്ത് സഹോദരന്‍ ജനിച്ച വീട്, മൂന്ന് നില ലൈബ്രറി മന്ദിരം, ഒരു പുരാതനമഠം എന്നിവ ഉള്‍പ്പെട്ടതാണ് സഹോദരന്‍ സ്മാരകം. സഹോദരന്റെ ജ്യേഷ്ഠന്‍ അച്യുതന്‍ വൈദ്യര്‍ പ്രശസ്തനായ ഒരു ഭിഷഗ്വരനും വേദേതിഹാസങ്ങളില്‍ പണ്ഡിതനും ആയിരുന്നു. അദ്ദേഹം അതിഥികളെ സ്വീകരിച്ചിരുന്ന സ്ഥലമാണ് മഠം. ശ്രീ നാരായണഗുരു, മഹാകവി കുമാരനാശാന്‍, ഡോക്ടര്‍ പി. പല്‍പ്പു, വിദ്യാധിരാജാ ചട്ടമ്പി സ്വാമികള്‍, ഇ. വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയ മഹദ് വ്യക്തികള്‍ ഇവിടെ വന്ന് താമസിച്ചിട്ടുണ്ട്.

2001-ല്‍ ലൈബ്രറി മന്ദിരം സ്ഥാപിതമായി. യശ: ശരീരനായ എം. കെ. കുമാരന്‍ തന്റെ സ്വകാര്യ ഗ്രന്ഥശേഖരം ചെറായി സഹോദരന്‍ സ്മാരക ലൈബ്രറിക്കു സമ്മാനിച്ചു. വിപുലമായ ഗവേഷണ പഠന സൗകര്യങ്ങളുള്ള ഈ ഗ്രന്ഥാലയത്തെ ഉപജീവിച്ച് ഇതിനകം അഞ്ചുപേര്‍ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. സഹോദരന്റെ സ്മരണാര്‍ഥം വര്‍ഷം തോറും സാഹിത്യസമ്മാനം നല്‍കുന്നു. 36 വര്‍ഷം നിലനിന്ന സഹോദരന്‍ പത്രത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ 2013 മുതല്‍ മലയാളദിനപ്പത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിന് അവാര്‍ഡ് നല്‍കിത്തുടങ്ങി.

ഇപ്പോള്‍ സഹോദരന്‍ സ്മാരകത്തെ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ പെടുത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.  സഹോദരന്‍ മ്യൂസിയമാണ് ഈ പദ്ധതിയിലെ മുഖ്യഘടകം.

ചെറായിലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.