1980-കളില്‍ കേരളത്തില്‍ നിന്ന് ബറോഡയിലേയ്ക്കു കുടിയേറിയ ഒരു കൂട്ടം മലയാളി കലാകാരന്മാര് പ്രതിലോമ സൌന്ദര്യ ശാസ്ത്രത്തിനെതിരെ, കലാകാരന്മാരുടെ ഒരു റാഡിക്കല്‍ കൂട്ടായ്മ ആരംഭിച്ചു. ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്കള്‍പ്ച്ചേഴ്സ് അസോസിയേഷന് എന്ന് പേരിട്ടിട്ടുള്ള ഈ പ്രസ്ഥാനം അധികനാള്‍ നീണ്ടു നിന്നില്ലെങ്കിലും ഇന്ത്യയുടെ കലാ ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. ഒരു ദേശീയ സ്വഭാവം പേരില്‍ ഉണ്ടായിരുന്നെങ്കിലും മലയാളികള്‍ അല്ലാത്ത കലാകാരന്മാരുടെ എണ്ണം അതില്‍ കുറവായിരുന്നു. അല്പായുസ്സായിരുന്ന ഈ പ്രസ്ഥാനം കലയുടെ കാര്യത്തില്‍ അധികമൊന്നും ചെയ്തില്ലെങ്കിലും, കല എന്തായിരിക്കണം കലാകാരന്മാര് എന്തായിരിക്കണം എന്നതിനെ കുറിച്ച് ചില നിലപാടുകള്‍ സമൂഹ മധ്യത്തില്‍ സൃഷ്ടിച്ചു. ഇന്ന് പല കലാകാരന്മാരും തങ്ങളുടെ കലാവ്യക്തിത്വം കോളേജുകള്‍ക്കുള്ളില്‍ രൂപീകരിക്കുന്നത് ഇതിനെ റാഡിക്കല്‍ പ്രസ്ഥാനം മുന്നോട്ടു വെച്ച ഒരു ആശയ പദ്ധതിയെ അടിസ്ഥാനമാക്കിയാണ്.
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കലയുടെ കമ്പോളത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടം കേരളത്തിലെ കലാകാരന്മാര്ക്കും ഗുണകരമായി. ബോസ് കൃഷ്ണമാചാരി, ടി.വി സന്തോഷ്, ബൈജു പാര്ഥന്, ജസ്റ്റിന് പൊന്മണി, ജിതിഷ് കല്ലാട്ട്, ഷിബു നടേശന് തുടങ്ങി മുംബൈയിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചിരുന്ന കലാകാരന്മാര് ദേശീയ ശ്രദ്ധയില്‍ വന്നു. സാമ്പത്തികമായ മുന്നേറ്റം പൊതുവെ മലയാളി കലാകാരന്മാരുടെ നേര്‍ക്ക് ശ്രദ്ധ തിരിയുവാന്‍ കാരണമായി. ഈ അവസരം മുതലെടുത്ത് കൊണ്ട്, ബോസ് കൃഷ്ണമാചാരി ക്യൂരെട്ടു ചെയ്ത 'ഡബിള്‍ എന്റേഴ്സ് ' എന്നാ കൂറ്റന്‍ മലയാളി കലാകാരന്മാരുടെ പ്രദര്‍ശനം (2004) ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. ഈ പ്രദര്‍ശനം മലയാളിയുടെ സൌന്ദര്യ ശാസ്ത്ര വളര്‍ച്ച എന്താണെന്ന് അസൂയാര്‍ഹമാം വിധത്തില്‍ ലോകത്തിനു മുന്പില് കാട്ടിക്കൊടുത്തു. ഇതോടെ കലാ കമ്പോളത്തില്‍ മലയാളി കലാകാരന്മാരുടെ വില അഭൂതപൂര്‍വമാം വിധം വളര്‍ന്നു. ഇന്ത്യയിലെ ഗ്യാലറികള്‍ക്ക് ഒന്നാകെ മലയാളി കലാകാരന്മാരെ വേണം എന്നായി.