സര്‍പ്പംപാട്ട്സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂര്‍വ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേല്‍നോട്ടവും. പാമ്പുതുള്ളല്‍, പാമ്പിന്‍കളം, നാഗംപാട്ട്, സര്‍പ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.

വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയ സ്ത്രീകളാണ് അവതരിപ്പിക്കുക.

പുളളുവവീണയും, കുടവും മറ്റുമാണ് വാദ്യോപകരണങ്ങള്‍. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യം നക്ഷത്രത്തിലാണ് സാധാരണമായി സര്‍പ്പംപാട്ട്  നടത്താറുളളത്.

അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവര്‍ണ്ണപ്പൊടികള്‍കൊണ്ട് സര്‍പ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങള്‍ പുളളവര്‍ ചിത്രീകരിക്കും. പന്തലില്‍ വിളക്കുകള്‍ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാല്‍കുടം, എന്നിവയില്‍ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാല്‍ സര്‍പ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ  സങ്കല്‍പങ്ങളിലാണ് തുളളുക. ആര്‍പ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകള്‍  പൂക്കുല കൈകളിലേന്തി ആടാന്‍ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവര്‍ പാടാന്‍ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങള്‍ മുറുകുമ്പോള്‍ തുളളലുമുണ്ടാകും. സര്‍പ്പസങ്കല്പത്തിലാടുന്നവര്‍ അതിനിടയില്‍ ജനങ്ങളില്‍നിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സര്‍പ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവര്‍ വീണുരുണ്ട് കളങ്ങള്‍ മായ്ക്കുകയും ഒടുവില്‍ ആടിത്തളര്‍ന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം ഈ കര്‍മ്മങ്ങള്‍ ആവര്‍ത്തിക്കും. ചിലപ്പോള്‍ തുളളല്‍ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം.